
യുഎസുമായുള്ള ചർച്ചയിൽ ഇറാൻ ലെബനനെ വില പേശാനുള്ള ആയുധമാക്കുന്നു എന്നു ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൺ നടത്തിയ വിമർശനത്തിനു ഇറാൻ വിദേശകാര്യ വകുപ്പിന്റെ ശക്തമായ പ്രതികരണം. രാഷ്ട്രീയ വഞ്ചനയാണ് ഔൺ പറയുന്നതെന്നു ഇറാൻ തിരിച്ചടിച്ചു.
വിദേശകാര്യ വക്താവ് ഇസ്മയിൽ ബഖായ് പറഞ്ഞു: "അദ്ദേഹം കൂടെ തൊട്ടു നിൽക്കുന്നവരെ വിൽക്കുന്നത് എതിരാളികൾക്കാണ്."
യുദ്ധം തീർക്കാനുള്ള കരാറിൽ ലെബനനിലെ വെടിനിർത്തൽ കൂടി ഉൾപ്പെടുത്തണം എന്ന് ഇറാൻ നിഷ്കർഷിച്ചതിനെ വിമർശിച്ചു ഔൺ പറഞ്ഞത് ഇങ്ങിനെ: "ഇത് നിങ്ങളുടെ രാജ്യമല്ല, ഞങ്ങളുടെ രാജ്യമാണ്. നിങ്ങളുടെ ആവശ്യങ്ങൾക്കു ഞങ്ങളെ കരുവാക്കാൻ നോക്കേണ്ട.
"യുദ്ധം മൂലം ലെബനീസ് ജനത മരണവും നാശവും നിരന്തരം കാണുകയാണ്. പാർപ്പിടങ്ങൾ ഒഴിയേണ്ടി വരുന്നു."
ലെബനൻ യഥാർഥ ശത്രുവിനെ തിരിച്ചറിയുന്നില്ലെന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി എക്‌സിൽ കുറിച്ചു. "അദ്ദേഹം പറയുന്നത് കേട്ടാൽ തോന്നുക ഇറാനാണ് ലെബനന്റെ അഞ്ചിലൊന്നു ഭൂമി പിടിച്ചെടുത്തത് എന്നാണ്, നാലിലൊന്നു ജനങ്ങളെ അഭയാർഥികളാക്കിയത് എന്നാണ്, ലെബനനിൽ എന്നും ബോംബിട്ടു കൊണ്ടിരിക്കുന്നത് എന്നാണ്. യഥാർഥ ശത്രുവിൽ നിന്നു ലെബനനെ രക്ഷിക്കുക മിസ്റ്റർ പ്രസിഡന്റ്," ഇസ്രയേലിനെ ചൂണ്ടി അദ്ദേഹം പറഞ്ഞു.
Iran hits back at Lebanese President