
പ്രസിഡന്റ് ട്രംപ് തന്റെ ഒന്നാം മുൻഗണന എന്നു പ്രഖ്യാപിച്ച സേവ് അമേരിക്ക ആക്ട് യുഎസ് സെനറ്റ് വ്യാഴാഴ്ച്ച ഒരിക്കൽ കൂടി തള്ളി. റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ 50-48 വോട്ടിനാണ് ബിൽ രണ്ടാം തവണയും വീണത്.
ട്രംപിനെതിരെ കലാപക്കൊടി ഉയർത്തിയ നാലു റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകളോടു ചേർന്നു ബില്ലിനെതിരെ വോട്ട് ചെയ്തു: ലിസ മൂർക്കോവ്സ്‌കി (അലാസ്ക), സൂസൻ കോളിൻസ് (മെയ്ൻ), മിച് മക്കോണൽ (കെന്റക്കി), തോം ടില്ലിസ് (നോർത്ത് കരളിന).
നവംബർ തിരഞ്ഞെടുപ്പിനു മുൻപ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഈ ബിൽ ഉടൻ പാസാക്കിയില്ലെങ്കിൽ താൻ മറ്റൊരു ബില്ലും ഒപ്പിടില്ലെന്നു ട്രംപ് താക്കീതു നൽകിയതും മുൻ സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് കൂടിയായ മക്കോണൽ ഉൾപ്പെടെയുള്ള സെനറ്റർമാർ അവഗണിച്ചു.
സേവ് അമേരിക്ക ബിൽ നിയമമായാൽ വോട്ടർമാർക്കു വോട്ട് ചെയ്യാൻ ബർത്ത് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് തുടങ്ങിയ രേഖകൾ ഹാജരാക്കി പൗരത്വം തെളിയിക്കേണ്ടി വരും. വോട്ടവകാശം നിഷേധിക്കാനുളള ശ്രമമാണിതെന്നു ഡെമോക്രാറ്റുകൾ ചൂണ്ടിക്കാട്ടുന്നു. പൗരത്വം ഇല്ലാത്തവർ വോട്ട് ചെയ്യുന്നത് തടയാനാണ് ശ്രമമെന്നു ട്രംപ് പറയുമ്പോൾ അത് സംഭവിക്കുന്നത് വളരെ അപൂർവമായി മാത്രമാണെന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഐസ്, സി ബി പി എന്നിവയ്ക്കു ട്രംപിന്റെ ഭരണം അവസാനിക്കുന്ന 2029 വരെ ഫണ്ടിംഗ് അനുവദിച്ച $70 ബില്യൺ ബില്ലിനൊപ്പം സേവ് അമേരിക്ക ആക്റ്റ് പാസാക്കാൻ നടത്തിയ ശ്രമമാണ് വ്യാഴാഴ്ച്ച രാത്രി വിഫലമായത്.
ഏപ്രിലിൽ അത്തരമൊരു ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ ട്രംപ് പൊട്ടിത്തെറിച്ചിരുന്നു. യുഎസ് ഹൗസിൽ നേരിയ ഭൂരിപക്ഷത്തിനു അത് പാസായിരുന്നു.
SAVE America bill fails in Senate a second time