Image

മായാജാലത്തില്‍ മരമുണര്‍ന്നു; ഭിന്നശേഷിക്കാരന്റെ ഇന്ദ്രജാലം പരിസ്ഥിതി ദിനാഘോഷത്തിന് മിഴിവേകി

Published on 06 June, 2026
മായാജാലത്തില്‍ മരമുണര്‍ന്നു; ഭിന്നശേഷിക്കാരന്റെ ഇന്ദ്രജാലം പരിസ്ഥിതി ദിനാഘോഷത്തിന് മിഴിവേകി


തിരുവനന്തപുരം: പരിസ്ഥിതി ദിനാഘോഷത്തിന് ഇന്ദ്രജാല സ്പര്‍ശം നല്‍കി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരന്‍ മുഹമ്മദ് അഷ്‌കര്‍.  നടാനുള്ള വൃക്ഷത്തൈ ഒഴിഞ്ഞ പോട്ടില്‍ നിന്നും ഞൊടിയിടയില്‍ സൃഷ്ടിച്ച് അസിസ്റ്റന്റ് കളക്ടര്‍ ദിനേശ് വിഷ്ണോയ്ക്ക് നല്‍കിയാണ് പരിസ്ഥിതി ദിനാഘോഷത്തിന് മായാജാല സ്പര്‍ശം നല്‍കിയത്.  ആ മരം കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ നടുകയും ചെയ്തു.  ഡിഫറന്റ് ആര്‍ട് സെന്ററും കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കഠിനംകുളം യൂണിറ്റും സംയുക്തമായി വെട്ടുതുറ ബി.പി.എം യു.പി.എസില്‍ നടത്തിയ പരിസ്ഥിതി ദിനാഘോഷ ചടങ്ങിലാണ് കാണികള്‍ക്ക് കൗതുകമായ വിരുന്നൊരുങ്ങിയത്. ഒഴിഞ്ഞ പോട്ടിലേയ്ക്ക് വെള്ളമൊഴിച്ച മാന്ത്രികന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മലബാര്‍ ചെസ് നട്ട് തൈ സൃഷ്ടിച്ചെടുത്ത് നല്‍കുകയായിരുന്നു.   

 
പുതുതലമുറ പ്രകൃതിയോടിണങ്ങി ജീവിക്കുവാനുള്ള ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നും പ്രകൃതി ഒരുത്തരവാദിത്വമായി കണ്ടുകൊണ്ട് അതിനെ പരിപാലിക്കാന്‍ തയ്യാറാകണമെന്നും ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു.  ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തിലാണ് സ്‌കൂളില്‍ ഒരു പച്ചക്കറി-പൂന്തോട്ടം നിര്‍മിച്ചു നല്‍കിയത്.  സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായി സെന്ററിലേയും സ്‌കൂളിലെയും കുട്ടികള്‍ സംയുക്തമായാണ് തോട്ട നിര്‍മാണത്തില്‍ പങ്കാളികളായത്.  

ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.ജെറോം ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി കഴക്കൂട്ടം മേഖല പരിസരദിന വിഷയ സമിതി കണ്‍വീനര്‍ പ്രൊഫ.ഷാജി വര്‍ക്കി പരിസരദിന സന്ദേശം നല്‍കി. കെ.എസ്.എസ്.പി കഴക്കൂട്ടം മേഖലാ സെക്രട്ടറി അശോകന്‍, പ്രസിഡന്റ് മണികണ്ഠന്‍, മേഖല കമ്മിറ്റിയംഗം ജോര്‍ജ് വിക്ടര്‍, ഡി.എ.സി സയന്‍ഷ്യ അദ്ധ്യാപിക മേരി ജോസഫ ഷെറി, കോ-ഓര്‍ഡിനേറ്റര്‍ ചാന്ദ്നി തുടങ്ങിയവര്‍ പങ്കെടുത്തു.  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കഠിനംകുളം യൂണിറ്റ് വിന്‍സെന്റ് ബി.പി സ്വാഗതവും സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ജുബിമോള്‍ അല്‍ഫോണ്‍സ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ ശ്രീകാന്ത്, ജോഷ്വാ, വിപിന്‍ദേവ് എന്നീ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Join WhatsApp News
Jayan varghese 2026-06-06 13:22:23
മാന്ത്രികൻ ഇതുപോലെ മലബാർ ചെസ്നട്ട് ട്രീകൾ സൃഷ്ടിച്ചെടുത്താൽ ലോകത്താകമാനമുള്ള നഴ്‌സറികൾ പൂട്ടിപ്പോകുമല്ലോ വാർത്തക്കാരാ ? വാർത്ത എഴുതുന്നവർക്കും വേണം അല്പമൊരു ഉളുപ്പും ദിശാ ബോധവും ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക