Image

ലിവർപൂൾ യൂണിവേഴ്സിറ്റിയുടെ ബെംഗളൂരു കാമ്പസിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം; യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ പഠിക്കാൻ ഇനി യുകെ വരെ പോകേണ്ട

Published on 06 June, 2026
ലിവർപൂൾ യൂണിവേഴ്സിറ്റിയുടെ ബെംഗളൂരു കാമ്പസിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം; യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ പഠിക്കാൻ ഇനി യുകെ വരെ പോകേണ്ട

 

ബെംഗളൂരു: യുകെയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിന് (University of Liverpool) ബെംഗളൂരുവിൽ പുതിയ അന്താരാഷ്ട്ര ശാഖാ കാമ്പസ് ആരംഭിക്കുന്നതിനുള്ള ഔദ്യോഗിക അന്തിമ അനുമതി പത്രം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കൈമാറി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ  ഭാഗമായി വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ നേരിട്ട് കാമ്പസ് തുടങ്ങാൻ യുജിസി  അനുമതി നൽകിയതിന് പിന്നാലെ, ഈ നേട്ടം കൈവരിക്കുന്ന  പ്രമുഖ ബ്രിട്ടീഷ് സർവ്വകലാശാലകളിൽ ഒന്നായി ലിവർപൂൾ മാറി.

ഡൽഹിയിൽ നടന്ന പ്രത്യേക ചടങ്ങിൽ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും യുജിസി ചെയർമാനുമായ വിനീത് ജോഷി, ലിവർപൂൾ സർവ്വകലാശാല ബെംഗളൂരു പ്രൊവോസ്റ്റ്  റിച്ചാർഡ് ഗ്രോസിന് അനുമതി പത്രം കൈമാറി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, യുകെ വിദേശകാര്യ സെക്രട്ടറി ഇവെറ്റ് കൂപ്പർ  എന്നിവരുൾപ്പെടെ ഇന്ത്യയിലെയും യു കെ യിലെയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഈ സുപ്രധാന ചടങ്ങ് നടന്നത്.

2025 മേയ് -ലാണ് യുജിസി നിയമപ്രകാരം ലിവർപൂൾ സർവ്വകലാശാലയ്ക്ക് ഇന്ത്യയിൽ കാമ്പസ് ആരംഭിക്കുന്നതിനുള്ള പ്രാഥമിക അനുമതി പത്രം ലഭിച്ചത്. കഴിഞ്ഞ ഒരു വർഷമായി അക്കാദമിക് പാഠ്യപദ്ധതി, ഇൻഫ്രാസ്ട്രക്ചർ, നിയമപരമായ മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പൂർത്തിയാക്കിയ ശേഷം, യുജിസിയുടെ കൃത്യമായ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ഒടുവിലാണ് ഇപ്പോൾ അന്തിമ പ്രവർത്തന അനുമതി ലഭിച്ചിരിക്കുന്നത്.

ലിവർപൂളിന്റെ ബെംഗളൂരു കാമ്പസിൽ ബിസിനസ് മാനേജ്‌മെന്റ്, കമ്പ്യൂട്ടർ സയൻസ്, ഫിനാൻസ്, ബയോമെഡിക്കൽ സയൻസസ്, ഗെയിം ഡിസൈൻ തുടങ്ങിയ നൂതന മേഖലകളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളാണ് ആരംഭിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ വിഷയങ്ങളിലേക്ക് കോഴ്സുകൾ വ്യാപിപ്പിക്കാൻ സർവ്വകലാശാലയ്ക്ക് പദ്ധതിയുണ്ട്.

വലിയൊരു മാറ്റമാണ് ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇതിലൂടെ വരുന്നത്. 1881ൽ സ്ഥാപിച്ച, ഉന്നതമായ പാരമ്പര്യമുള്ള ഈ സർവ്വകലാശാലയിൽ പഠിക്കാൻ ഇനി ബെംഗളൂരു വരെ പോയാൽ മതി. അക്കാദമിക ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത വിവിധ കോഴ്സുകൾ ഇന്ത്യയിൽ ഈ സർവകലാശാല ഓഫർ ചെയ്യുന്നുണ്ട്.

ഈ വർഷം ഓഗസ്റ്റിൽ തന്നെ സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് വിവരം.

സ്മാർട്ട് ക്ലാസ് മുറികളും സ്പെഷ്യലിസ്റ്റ് ലബോറട്ടറികളും ഉള്ള ഒരു കാമ്പസാണ് ലിവർപൂൾ സർവകലാശാല സജ്ജമാക്കിയിരിക്കുന്നതെന്ന് ലിവർപൂൾ സർവകലാശാലയുടെ വൈസ് ചാൻസലർ പ്രൊഫസർ ടിം ജോൺസ് പറയുന്നു. ഇന്ത്യയിൽ ശക്തമായ ഒരു ഗവേഷണ സംസ്കാരം വളർത്തിയെടുക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക