
യുഎസുമായുള്ള ചർച്ചകളിൽ ലെബനനെ വിലപേശാനുള്ള ഉപകരണമായി ഉപയോഗിക്കുന്ന ഇറാന്റെ സമീപനത്തെ ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൺ വിമർശിച്ചു. ലെബനൻ ജനതയ്ക്കു സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹമുണ്ടെന്നു ഊന്നിപ്പറഞ്ഞ അദ്ദേഹം, യുദ്ധത്തിനു വഴിയൊരുക്കുന്ന ഹിസ്‌ബൊള്ളയുടെ ആക്രമണ സ്വഭാവത്തെയും വിമർശിച്ചു.
"ജനങ്ങൾക്ക് ഈ യുദ്ധം മടുത്തു," ഹിസ്‌ബൊള്ള സെക്രട്ടറി ജനറൽ നയീം ഖാസിമിനെ അദ്ദേഹം ഓർമിപ്പിച്ചു.
ലെബനനിലെ ഇസ്രയേലി ആക്രമണം അവസാനിപ്പിക്കുക എന്നത് യുഎസ്-ഇറാൻ സമാധാന കരാറിലെ ഒരു വ്യവസ്ഥ ആവണം എന്ന് ഇറാന്റെ വിപ്ലവ സേന ഐ ആർ ജി സി വ്യാഴാഴ്ച്ച ആവർത്തിച്ചിരുന്നു.
സി എൻ എൻ അഭിമുഖത്തിൽ ഔൺ പറഞ്ഞു: "ഇത് നിങ്ങളുടെ രാജ്യമല്ല, ഞങ്ങളുടെ രാജ്യമാണ്. നിങ്ങളുടെ ആവശ്യങ്ങൾക്കു ഞങ്ങളെ കരുവാക്കാൻ നോക്കേണ്ട.
"യുദ്ധം മൂലം ലെബനീസ് ജനത മരണവും നാശവും നിരന്തരം കാണുകയാണ്. പാർപ്പിടങ്ങൾ ഒഴിയേണ്ടി വരുന്നു."
ലെബനനും ഇസ്രയേലും തമ്മിലുളള പ്രശ്നങ്ങൾക്കു പരിഹാരം ചർച്ചയിലൂടെ മാത്രമേ സാധ്യമാവൂ എന്ന് അദ്ദേഹം പറഞ്ഞു. ഹിസ്‌ബൊള്ളയുടെ പ്രശ്നം ലെബനൻ അഭ്യന്തര വിഷയമായി പരിഹരിക്കണം. അതിനു അതിന്റെ തായ്‌വേരുകൾ വരെ അന്വേഷിക്കാനുണ്ട്.
ഇസ്രയേലി സേന ലെബനനിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഔൺ എടുത്തു പറഞ്ഞു. ലെബനീസ് ജനത നയീം ഖസീമിന്റെ ജനങ്ങളല്ല. സമാധാന കരാറിനെ എതിർക്കാൻ അയാൾക്ക് അവകാശമില്ല.
Lebanese President slams Iran, Hezbollah chief