Image

ആര്‍ബിഐ ധനനയം: റിപ്പോ നിരക്കില്‍ മാറ്റമില്ല, പണപ്പെരുപ്പം കൂടും

Published on 05 June, 2026
ആര്‍ബിഐ ധനനയം: റിപ്പോ നിരക്കില്‍ മാറ്റമില്ല, പണപ്പെരുപ്പം കൂടും

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജൂണിലെ പണനയ അവലോകനത്തില്‍ അടിസ്ഥാന നിരക്കുകള്‍ നിലനിര്‍ത്തി. റിപ്പോ നിരക്ക് 5.25% ആയി തന്നെ തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കാണ് റിപ്പോ. 

റിപ്പോ നിലനിര്‍ത്തിയതോടെ വായ്പ പലിശകള്‍ ഉയരുമെന്ന ആശങ്കകള്‍ക്ക് താല്‍കാലിക ശമനമായി. റിവേഴ്‌സ് റിപ്പോ നിരക്ക് 3.35%, സ്റ്റാന്‍ഡിങ് ഡിപ്പോസിറ്റ് ഫെസിലിറ്റി 5.00%, മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി 5.50% എന്നിങ്ങനെ തുടരും.


വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റം വരുത്താന്‍ സാധിക്കുന്ന 'ന്യൂട്രല്‍ സ്റ്റാന്‍സ്'  ഇത്തവണയും ആര്‍ബിഐ സ്വീകരിച്ചുവെന്നത് ശ്രദ്ധേയമാണ്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ നിലനിര്‍ത്തുന്നത്. 2026 ഫെബ്രുവരിയിലും, നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പണനയത്തിലും (ഏപ്രില്‍) നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല.

 2025 ഡിസംബറിലാണ് റിപ്പോ നിരക്ക് 5.25 ശതമാനത്തിലെത്തിയത്.

ഏപ്രിലിൽ ചേർന്ന സമിതിക്ക് ശേഷം ആഗോള തലത്തിൽ നിരവധി വെല്ലുവിളികൾ ഉണ്ടായി എന്ന് ആർബിഐ ഗവർണർ  പറഞ്ഞു. രാജ്യത്തെ വിലക്കയറ്റം ഇപ്പോഴും ആർബിഐ നിശ്ചയിച്ച അളവിന്റെ താഴെയാണ്. എന്നാൽ യുദ്ധവും മറ്റും വരും മാസങ്ങളിൽ വിലക്കയറ്റം വർധിക്കാൻ ഇടയാക്കും എന്നാണ് വിലയിരുത്തൽ. നിലവിൽ വിലക്കയറ്റം അത്രകണ്ട് ജനങ്ങളെ ബാധിച്ചിട്ടില്ല എന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു.

ഈ സാമ്പത്തികവർഷത്തിന്റെ മൂന്നാം പാദത്തോട് കൂടി വിലക്കയറ്റം ആർബിഐ നിശ്ചയിച്ച പരിധി കടക്കും എന്നാണ് വിലയിരുത്തൽ. വിതരണമേഖലയിലെ സമ്മർദ്ദങ്ങൾ നാലാം പദത്തോടെ കുറയുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ്മൽഹോത്ര പറഞ്ഞു.

രാജ്യത്തിന്റെ ജിഡിപി വളർച്ച അനുമാനത്തിലും റിസർവ് ബാങ്ക് മാറ്റം വരുത്തി. നേരത്തെ കരുതപ്പെട്ട 6.9 ശതമാനത്തിൽ നിന്നും 6.6 ശതമാനമായി വളർച്ച കുറയും എന്നാണ് വിലയിരുത്തൽ. വിലപ്പെരുപ്പ നിരക്ക് 4.6 ശതമാനത്തിൽ നിന്നും 5.1 ശതമാനമായും ആർബിഐ ഉയർത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക