Image

മലയിടംതുരുത്ത് പാരിയത്തുകാവ് ഒഴിപ്പിക്കൽ ഭീഷണി; ഒത്തുതീർപ്പ് ചർച്ചകളിൽ പുരോഗതി

Published on 05 June, 2026
മലയിടംതുരുത്ത് പാരിയത്തുകാവ് ഒഴിപ്പിക്കൽ ഭീഷണി; ഒത്തുതീർപ്പ് ചർച്ചകളിൽ പുരോഗതി

കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതിയിലെ ഏഴ് ദളിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ നടന്ന ചർച്ചകളിൽ പുരോഗതി. സർക്കാർ വിളിച്ചുചേർത്ത ചർച്ചയിൽ സമരസമിതിയും ഭൂമിയുടെ അവകാശവാദം ഉന്നയിക്കുന്ന ശങ്കരൻ നായരും പങ്കെടുത്തു. കുടുംബങ്ങളെ പെരുവഴിയിലാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.

നിലവിൽ താമസിക്കുന്ന ഭൂമിയിൽ തന്നെ തുടരണമെന്നാണ് സമരസമിതിയുടെ ആവശ്യം. എന്നാൽ, തർക്കഭൂമിയിൽ തന്നെ അഞ്ചു സെന്റ് വീതം ഓരോ കുടുംബത്തിനും നൽകാനും അവിടെ സർക്കാർ ചെലവിൽ വീട് നിർമിച്ചു നൽകാനും സർക്കാർ മുന്നോട്ടുവെച്ച നിർദേശം ചർച്ചയായി. സമീപത്ത് മറ്റൊരു സ്ഥലം നൽകാമെന്ന് ശങ്കരൻ നായർ സമ്മതിച്ചിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. തിങ്കളാഴ്ച വീണ്ടും ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. എം.എൽ.എ പി.വി. ശ്രീനിജിനും ചർച്ചയിൽ പങ്കെടുത്തു.

അതേസമയം, ജൂൺ 16 വരെ ഒഴിപ്പിക്കൽ നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. 19 ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമിയിലെ 2.65 ഏക്കറിൽ ആറ് പതിറ്റാണ്ടിലേറെയായി താമസിക്കുന്ന കുടുംബങ്ങളെ, കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കാനുള്ള നീക്കം വലിയ പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവെച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക