
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണ്ണായക നീക്കങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഈ വിവാദ കേസിന്റെ അന്വേഷണവുമായി മുന്നോട്ട് പോകാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകിയതിന് പിന്നാലെ, തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനായി ഇ.ഡി ഡയറക്ടർ രാഹുൽ നവീൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ നേരിട്ടെത്തി അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കേസിലെ നിർണായക വ്യക്തികളെ ചോദ്യം ചെയ്യുന്നതിനും, കൂടുതൽ ഡിജിറ്റൽ-സാമ്പത്തിക തെളിവുകൾ ശേഖരിക്കുന്നതിനും അന്വേഷക സംഘങ്ങൾക്ക് യോഗം വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സാമ്പത്തിക ഇടപാടിൽ ഇഡി അന്വേഷണം ഊർജ്ജിതമാക്കുന്ന സാഹചര്യത്തിലാണ് ഇ.ഡി ഡയറക്ടറുടെ ഈ അപ്രതീക്ഷിത കൊച്ചി സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്.
പ്രതിപ്പട്ടികയിലുള്ള ടി. വീണയ്ക്കും സിഎംആർഎൽ കമ്പനി അധികൃതർക്കും ചോദ്യം ചെയ്യലിന് ഹാജരാവാൻ വൈകാതെ തന്നെ ഇ.ഡി സമൻസ് അയയ്ക്കുമെന്നാണ് വിവരം. എന്നാൽ ഇതിനുമപ്പുറം, ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വരവ് ഉണ്ടായേക്കാമെന്നും സൂചനകളുണ്ട്.