Image

മനുഷ്യ - വന്യജീവി സംഘർഷം കുറയ്ക്കാൻ നൂറുദിന കർമപരിപാടി; പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി

Published on 05 June, 2026
മനുഷ്യ - വന്യജീവി സംഘർഷം കുറയ്ക്കാൻ നൂറുദിന കർമപരിപാടി; പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷങ്ങൾ പൂർണമായും ഇല്ലാതാക്കാനുള്ളശ്രമങ്ങളുടെ ഭഗമായി 100 ദിന കർമ്മപരിപാടി പ്രഖ്യാപിച്ച് സംസ്ഥാന വനംവകുപ്പ്. പരിസ്ഥിതി ദിനത്തിൽ വനംമന്ത്രി ഷിബു ബേബി ജോൺ നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. വന്യമൃഗങ്ങളെ ഉൾക്കൊള്ളാനുള്ള കാടിൻ്റെ വാഹക ശേഷി കൂട്ടാൻ നടപടിയെടുക്കുന്നതടക്കം വിവിധ പരിപാടികളാണ് വനംവകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ട് വർഷം കൊണ്ട് വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് വകുപ്പിൻ്റെ ശ്രമമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

സംസ്ഥാനത്ത് ജനവാസമേഖലയോട് ചേർന്നുള്ള വനാതിർത്തികളിൽ നിലവിൽ 2,000 കി.മീ. നീളത്തിൽ സൗരോർജ്ജ വേലികൾ നിർമ്മിച്ചിട്ടുണ്ട്. ഇവ പൂർണമായും പ്രവർത്തനക്ഷമം ആക്കുന്നതിനോടൊപ്പം 100 കി.മീ. പുതിയ സൗരോർജ്ജ വേലി 100 ദിവസത്തിനുള്ളിൽ നിർമ്മിക്കും. അഞ്ചു വർഷത്തിനുള്ളിൽ 1,900 കി.മീ. സൗരോർജ്ജ വേലികൾ കൂടി പുതുതായി നിർമ്മിക്കും.

ഇതോടുകൂടി വന്യമൃഗങ്ങൾ കാടിറങ്ങി ജനവാസമേഖലയിൽ എത്തുന്നത് വലിയൊരളവിൽ തടയാൻ സാധിക്കും. വനപാതകളിൽ സഞ്ചരിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ അടിക്കാട് തെളിക്കുന്ന വിസ്‌ത ക്ലിയറൻസ് കർമ്മ പദ്ധതി തയ്യാറാക്കി കുറഞ്ഞത് 100 കി.മീ വിസ്‌ത ക്ലിയറൻസ് നടപ്പാക്കും. വനാതിർത്തി പ്രദേശങ്ങളിലെ വന്യജീവി സംഘർഷ സാധ്യതയുള്ള മേഖലകളുടെ മാപ്പിങ്ങ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

സ്ഥിരം ആർആർടികൾ കൂടാതെ ഫോറസ്‌റ്റ് സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 25 സാറ്റലൈറ്റുകൾ രൂപീകരിക്കും. ഇതിൻ്റെ വിശദമായ പ്രൊപ്പോസൽ സമർപ്പിക്കും. വാഹനങ്ങൾ, ട്രാങ്ക്വിലൈസിങ്ങ് ഉപകരണങ്ങൾ, ആധുനിക സുരക്ഷാ സാമഗ്രികൾ എന്നിവ ലഭ്യമാക്കും. പൊതുജനത്തിൻ്റെ സുരക്ഷയ്ക്കായി പ്രധാന പട്ടണങ്ങളിൽ പ്രൈമറി റെസ്‌പോൺസ് ടീം മാതൃകയിൽ പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തരെ ഉൾപ്പെടുത്തി 'മെട്രോ റെസ്‌ക്യൂ ടീമുകൾ' രൂപീകരിക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ എട്ട് നഗരങ്ങളിൽ മെട്രോ റെസ്‌ക്യൂ ടീമുകൾ രൂപീകരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക