
ചെന്നൈ: തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി ബിജെപി ദേശീയ നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു.
നാല്പത്തിയൊന്നുകാരനായ അണ്ണാമലൈ ഡല്‍ഹിയിലെത്തി ചൊവ്വാഴ്ച ബിജെപി അധ്യക്ഷന്‍ നിതിന്‍ നവിനുമായി കൂടിക്കാഴ്ച നടത്തുകയും, പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അമിത് ഷാ, ബി.എല്‍. സന്തോഷ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.തമിഴ്‌നാട്ടിലെ ബിജെപിയുടെ ശ്രദ്ധേയമുഖമായിരുന്നു അണ്ണാമലൈ. ബിജെപിക്കായി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
എല്ലാവരെയും ഉൾക്കൊള്ളുന്ന പൊതു അജണ്ടയുമായി താൻ ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം ('അണ്ണാമലൈ മക്കൾ ഇയക്കം'-എഎംഐ ) ആരംഭിക്കുകയാണെന്നും, അത് പിന്നീട് രാഷ്ട്രീയ പാർട്ടിയായി മാറി തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന അടുത്ത ലോകസഭാ (പാർലമെന്റ്) തെരഞ്ഞെടുപ്പിൽ സജീവമായി മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ വഴി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ ഭാവി രാഷ്ട്രീയ നയരേഖ വ്യക്തമാക്കിയത്.
താൻ രൂപീകരിക്കാൻ പോകുന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനം പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളാൽ നയിക്കപ്പെടുന്ന ഒന്നായിരിക്കില്ലെന്നും, മറിച്ച് സാധാരണ ജനങ്ങളാൽ നയിക്കപ്പെടുന്ന ഒന്നായിരിക്കുമെന്നും അണ്ണാമലൈ പ്രതിജ്ഞ ചെയ്തു. രാഷ്ട്രീയം എന്നത് ഏതെങ്കിലും ഒരു പ്രത്യേക കുടുംബത്തിന്റെ മാത്രം സ്വത്തല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇവിടെ നിലനിൽക്കുന്ന സ്ഥിരമായ നേതാക്കൾ, എംപിമാർ, എംഎൽഎമാർ എന്ന രീതിയിലുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെ തങ്ങൾ പൂർണ്ണമായി തകർക്കുമെന്നും അവകാശപ്പെട്ടു.
തമിഴ്‌നാട്ടിൽ നിലനിൽക്കുന്ന വ്യക്തിപൂജാ രാഷ്ട്രീയത്തിൽ നിന്നും പുറത്തുകടന്ന് സാധാരണക്കാരന്റെ രാഷ്ട്രീയം സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യം. ഭാവിയിലേക്ക് ആവശ്യമായ നിരവധി പുതിയ നേതാക്കളെയും കേഡർമാരെയും വാർത്തെടുക്കുകയാണ് തന്റെ പുതിയ പ്രസ്ഥാനം വഴി ലക്ഷ്യമിടുന്നത്.
ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന കാലത്ത് തന്റെ കർക്കശമായ പോലീസ് നടപടികളിലൂടെ 'സിങ്കം' എന്ന പേരിൽ ജനപ്രിയനായ അണ്ണാമലൈ, ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കാലത്ത് തന്റെ ആക്രമണാത്മക രാഷ്ട്രീയ ശൈലിയിലൂടെയാണ് ദ്രാവിഡ പാർട്ടികളെ നേരിട്ട് വെല്ലുവിളിച്ചത്. ഡിഎംകെയെ ലക്ഷ്യമിട്ട് അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് 'ഡിഎംകെ ഫയലുകൾ' പുറത്തുവിട്ടതിലൂടെ അദ്ദേഹം വലിയ ജനശ്രദ്ധ നേടിയിരുന്നു.
എന്നാൽ അന്തരിച്ച അണ്ണാഡിഎംകെ സുപ്രീം നേതാവ് ജെ. ജയലളിതയ്ക്കെതിരെ അഴിമതിക്കേസിലെ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട് അണ്ണാമലൈ നടത്തിയ പരാമർശങ്ങളും, മധുരയിൽ നടന്ന ഒരു പരിപാടിയിൽ ദ്രാവിഡ നേതാവ് സി.എൻ. അണ്ണാദുരൈ ഹിന്ദുത്വത്തെ അപമാനിച്ചുവെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതേത്തുടർണാണ് ബിജെപിയുമായുള്ള സഖ്യം അണ്ണാഡിഎംകെ പൂർണ്ണമായി ഉപേക്ഷിക്കുന്നത്.