Image

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം വേണം: അതിജീവിത ഹൈക്കോടതിയില്‍

Published on 05 June, 2026
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം വേണം: അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മെമ്മറി കാര്‍ഡിലെ അന്വേഷണ അട്ടിമറിയും അന്വേഷിക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് എസ്ഐടിയെ നിയോഗിക്കണം എന്നും ആവശ്യം. വസ്തുതാ പരിശോധനയിലെ കണ്ടെത്തലുകളിലാണ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജാണ് വസ്തുത പരിശോധന നടത്തിയത്.


സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവറാണ് ഹര്‍ജി നല്‍കിയത്. അതിജീവിതയ്ക്ക് വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ഹാജരാകും. മെമ്മറി കാര്‍ഡിലെ നിയമവിരുദ്ധ പരിശോധന പുറത്തെത്തിച്ചത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. പീഡന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മെമ്മറി കാര്‍ഡില്‍ മൂന്ന് തവണയാണ് നിയമവിരുദ്ധ പരിശോധന നടന്നത്.

2018 ജനുവരി 9-ന് മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്‌ട്രേറ്റ് ആണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ് മെമ്മറി കാര്‍ഡ് പരിശോധിച്ചത് രാത്രി 9.58-നാണെന്നും കണ്ടെത്തിയിരുന്നു. ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ബെഞ്ച് ക്ലാര്‍ക്ക് 2018 ഡിസംബര്‍ 13ന് മെമ്മറി കാര്‍ഡ് പരിശോധിച്ചു. ബെഞ്ച് ക്ലാര്‍ക്ക് മഹേഷ് മോഹനാണ് നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് പരിശോധിച്ചത്. രാത്രി 10.58നാണ് മഹേഷ് മോഹന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.


മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ശിരസ്തദാര്‍ താജുദ്ദീന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

മെമ്മറി കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം വിചാരണ കോടതി ജഡ്തിയായിരുന്നു ഹണി എം വര്‍ഗീസ് പാലിച്ചില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. മെമ്മറി കാര്‍ഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. 2019 നവംബര്‍ 29നാണ് ഇതുസംബന്ധിച്ച് വിചാരണക്കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. മെമ്മറി കാര്‍ഡ് പരിശോധിക്കുമ്പോള്‍ മൊബൈല്‍ ഫോണോ ദൃശ്യം പകര്‍ത്താന്‍ സാധ്യതയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദിക്കരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എഫ്എസ്എല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെമ്മറി കാര്‍ഡ് പരിശോധിക്കാനായിരുന്നു നിര്‍ദ്ദേശം. ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേസില്‍ പ്രതിയായിരുന്ന ദിലീപിനെയും സംഘത്തെയും കോടതി ദൃശ്യങ്ങള്‍ കാണിച്ചത്.


ഇത്തരത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചായിരുന്നു ശിരസ്ത്ദാര്‍ താജുദ്ദീനെ മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചതെന്ന് പരാതി ഉയര്‍ന്നിരുന്നു. താജുദ്ദീന്‍ സ്വന്തം മൊബൈലില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചു. മെമ്മറി കാര്‍ഡ് പരിശോധിച്ച മൊബൈല്‍ ഫോണ്‍ നഷ്ടമായെന്നാണ് താജുദ്ദീന്റെ മൊഴി നല്‍കിയത്. അതേസമയം, വിചാരണക്കോടതിയില്‍ മെമ്മറി കാര്‍ഡ് കൈകാര്യം ചെയ്തതില്‍ ദുരൂഹതയെന്നായിരുന്നു അതിജീവിതയുടെ ആരോപണം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക