Image

വിവാഹമോചനം: 23 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ യുകെയില്‍ ഇന്ത്യന്‍ വംശജയ്ക്ക് ലഭിച്ചത് 85 കോടി

Published on 05 June, 2026
വിവാഹമോചനം: 23 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ യുകെയില്‍ ഇന്ത്യന്‍ വംശജയ്ക്ക് ലഭിച്ചത് 85 കോടി

 

ലണ്ടന്‍: ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ തമ്മിലുള്ള വിവാഹ മോചന നിയമപോരാട്ടം അവസാനിച്ചത് 23 വര്‍ഷത്തിനു ശേഷം. ചരിത്രപരമായ ഈ പോരാട്ടത്തിന് ഒടുവില്‍ ഭാര്യ വര്‍ഷ ഗോഹിലിന് 6.6 മില്യണ്‍ പൗണ്ട് (ഏകദേശം 85 കോടി രൂപ) ജീവനാംശം വിധിച്ചാണ് കോടതി കേസ് അവസാനിപ്പിച്ചത്.

2002ലാണ് വര്‍ഷ ഗോഹില്‍ ഭര്‍ത്താവ് ബദ്രേഷ് ഗോഹിലിനെതിരെ വിവാഹ മോചന കേസ് നല്‍കിയത്. വ്യഭിചാരവും യുക്തിരഹിതമായ ജീവിതവും ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. ദമ്പതികള്‍ക്ക് ഈ സമയം മൂന്ന് മക്കളുമുണ്ടായിരുന്നു. 2,70,000 പൗണ്ടും (ഏകദേശം 3.5 കോടി രൂപ) കുടുംബത്തിലെ പ്യൂഷെ കാറും നല്‍കാമെന്ന് ഭര്‍ത്താവ് അറിയിച്ചു. എന്നാല്‍ ഭര്‍ത്താവ് തന്റെ സ്വത്ത് പൂര്‍ണ്ണമായും വെളിപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പുണ്ടായിരുന്ന വര്‍ഷ ന്യായമായ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

മുന്‍ നൈജീരിയന്‍ ഗവര്‍ണര്‍ ജെയിംസ് ഇബോറിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബദ്രേഷ് ഗോഹില്‍ ഉള്‍പ്പെട്ടതോടെയാണ് ഇക്കാര്യം വര്‍ഷ ഉറപ്പിച്ചത്. പിന്നാലെ 2011ല്‍ ബേ്രദഷിനെ കോടതി കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന കുറ്റം ചുമത്തി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. വിവിധ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന കമ്പനികള്‍ വഴി മറച്ചുവച്ചിരിക്കുന്ന 28 മില്യണ്‍ പൗണ്ട് വൈകാതെ മരവിപ്പിക്കുകയും ഇയാള്‍ മറച്ചുപിടിക്കുന്ന ലക്ഷക്കണക്കിന് മില്യണ്‍ പൗണ്ട് ആസ്തി ഉണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് വര്‍ഷ പുതിയ കേസ് നല്‍കിയത്.

2015ല്‍ കേസ് വീണ്ടും സജീവമാക്കാന്‍ കോടതി അനുമതി നല്‍കി. യു.കെ സുപ്രീം കോടതി വരെ ഈ പോരാട്ടമെത്തി. ബദ്രേഷിന്റെ ആസ്തിയില്‍ കുറച്ച് നിയമപരമാണെന്നും അത് വിവാഹ സമയത്ത് ഉണ്ടായിരുന്നതാണെന്നും അതിനാല്‍ തനിക്കുകൂടി അവകാശപ്പെട്ടതാണെന്നും വര്‍ഷ വാദിച്ചു. എന്നാല്‍ സ്വത്ത് പൂര്‍ണ്ണമായും തന്റേതല്ലെന്നായിരുന്നു ബദ്രേഷിന്റെ വാദം. മരവിപ്പിച്ച സ്വത്തിന്മേലുള്ള അവകാശവാദവും വര്‍ഷ ഉന്നയിച്ചിരുന്നു. ഇതില്‍ ഒരു ഭാഗം നിയമപരമാണെന്ന് കണ്ടെത്തിയ കോടതി 6.6 മില്യണ്‍ പൗണ്ടിന് വര്‍ഷയ്ക്ക് അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി.

ബദ്രേഷിന്റെ നടപടി അങ്ങേയറ്റം സത്യവിരുദ്ധമാണെന്നും അയാള്‍ സത്യസന്ധതയില്ലാത്ത ആളാണെന്നും കോടതി വിലയിരുത്തി. ഇനിയൊരു അപ്പീലിന് അവസരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യു.കെ കോര്‍ട്ട് ഓഫ് അപ്പീല്‍ കഴിഞ്ഞ മാസം കേസ് അവസാനിപ്പിച്ചത് 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക