Image

ട്രംപിനെതിരെ സെനറ്റിൽ റിപ്പബ്ലിക്കൻ കലാപം മുറുകുന്നു, രണ്ടു വോട്ടെടുപ്പിൽ കൂടി അതു പ്രകടമായി (പിപിഎം)

Published on 05 June, 2026
ട്രംപിനെതിരെ സെനറ്റിൽ റിപ്പബ്ലിക്കൻ കലാപം മുറുകുന്നു, രണ്ടു വോട്ടെടുപ്പിൽ കൂടി അതു പ്രകടമായി (പിപിഎം)

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെടുന്ന ഡെമോക്രാറ്റുകളുടെ പ്രമേയത്തിനു സെനറ്റിലും ഹൗസിലും പിന്തുണ നൽകിയ ശേഷം മറ്റു രണ്ടു സെനറ്റ് വോട്ടെടുപ്പുകളിൽ കൂടി റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഏതാനും പേർ വീണ്ടും ട്രംപിനെതിരെ വോട്ട് ചെയ്തു.

ഫെഡറൽ ഹൗസിംഗ് ഫിനാൻസ് ഏജൻസി (എഫ് എച് എഫ് എ) മേധാവി വില്യം പുൾട്ടെയ്ക്കു ഡയറക്റ്റർ ഓഫ് നാഷനൽ ഇന്റലിജൻസ് (ഡി എൻ ഐ) അധിക ചുമതല കൂടി നൽകാനുളള ട്രംപിന്റെ ഉത്തരവിനെതിരെ ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി ബിൽ കാസിഡി (ലൂസിയാന), സൂസൻ കോളിൻസ് (മെയ്ൻ), ലിസ മൂർക്കോവ്സ്കി (അലാസ്‌ക) എന്നീ റിപ്പബ്ലിക്കൻ സെനറ്റർമാർ വോട്ട് ചെയ്‌തു. എന്നാൽ പ്രമേയം 49-49 വോട്ടിനു സെനറ്റ് തള്ളി.  

ട്രംപ് വൈറ്റ് ഹൗസിൽ 90,000 ചതുരശ്ര അടിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ആർഭാടമായ ബോൾ റൂം തടയാൻ സെനറ്റർ ജെഫ് മെർക്കലി (ഡെമോക്രാറ്റ്-ഒറിഗൺ) കൊണ്ടു വന്ന പ്രമേയത്തെ പിന്തുണച്ചത് ആറു റിപ്പബ്ലിക്കൻ അംഗങ്ങളാണ്.

രണ്ടു പ്രമേയങ്ങളും വിജയം കണ്ടില്ലെങ്കിലും ട്രംപിനു തന്റെ പാർട്ടിയിൽ വർധിച്ചു വരുന്ന എതിർപ്പു വ്യക്തമായി.

പുൾട്ടെയുടെ നിയമനത്തിന് എതിരായ പ്രമേയം സെനറ്റർ മാർക്ക് വാർണർ (വിർജീനിയ) ആണ് കൊണ്ടുവന്നത്. ഒരു ഫെഡറൽ ഏജൻസിയുടെ തലപ്പത്തു സെനറ്റ് അംഗീകരിച്ചു നിയമിച്ചയാൾക്കു ഇന്റലിജൻസ് ഡയറക്ടറുടെ ചുമതല നൽകുന്നത് തടയാനുള്ള നീക്കമായിരുന്നു അത്.

പുൾട്ടെയ്ക്കു ഇന്റലിജൻസിലോ മിലിട്ടറിയിലോ എന്തെങ്കിലും പശ്ചാത്തലം ഉള്ളതായി അറിയില്ലെന്നു സൂസൻ കോളിൻസ് പറഞ്ഞു. സെക്യൂരിറ്റി ക്ലിയറൻസ് ഉണ്ടോ എന്നു പോലും അറിയില്ല. ദേശ സുരക്ഷയിൽ പ്രസിഡന്റിന്റെ പ്രധാന ഉപദേഷ്ടാവായി അദ്ദേഹത്തെ നിയമിച്ചത് വിസ്മയകരം തന്നെ.

അതു തന്നെയാണ് മൂർക്കോവ്സ്‌കിയും പറഞ്ഞത്.

പുൾട്ടെയുടെ നിയമനം ഇന്റലിജൻസിന് അപമാനമാണെന്നു വാർണർ പറഞ്ഞു. "അദ്ദേഹത്തിനു ഹൗസിംഗും ഇന്റലിജൻസും എല്ലാം അറിയാമെന്ന് ട്രംപ് പറയുന്നത് ഭ്രാന്താണ്."

സ്ഥിരം ഡയറക്റ്ററായി പുൾട്ടെയെ നിയമിച്ചാൽ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്യുമെന്നു പല റിപ്പബ്ലിക്കൻ സെനറ്റർമാരും പറഞ്ഞു.

ബോൾ റൂമിനു എതിരായ പ്രമേയം പാസായാൽ കോൺഗ്രസിന്റെ അംഗീകാരമില്ലാതെ അതിനു ഫെഡറൽ പണമോ സ്വകാര്യ സംഭവനയോ ഉപയോഗിക്കാൻ കഴിയാതെ വന്നേനെ. സൂസൻ കോളിൻസ്, ലിസ മൂർക്കോവ്സ്‌കി എന്നിവർക്കു പുറമേ ജോൺ ഹസ്റ്റഡ് (ഒഹായോ), ഡാൻ സള്ളിവൻ, തോം ടില്ലിസ് (ഇരുവരും നോർത്ത് കരളിന), ജെറി മോറൻ (കൻസാസ്) എന്നീ റിപ്പബ്ലിക്കൻ അംഗങ്ങളാണ് ഡെമോക്രാറ്റിക് പ്രമേയത്തെ പിന്താങ്ങിയത്. 60 വോട്ട് കിട്ടിയാൽ മാത്രം പാസാവുന്ന പ്രമേയത്തിനു പക്ഷെ 52 മാത്രമേ ലഭിച്ചുള്ളൂ.

കോളിന്സും ഹസ്റ്റഡും സള്ളിവനും നവംബറിൽ വീണ്ടും തിരഞ്ഞെടുപ്പ് നേരിടുന്നുണ്ട്. ട്രംപിനെതിരായ ജനവികാരം ശക്തിപ്പെട്ടത് അവർ കാണുന്നു എന്നാണ് വ്യാഖ്യാനം.

മെയ്‌നിൽ യുവ്‌ഗോവ് നടത്തിയ പോളിംഗിൽ കോളിൻസിനെതിരെ ഡെമോക്രാറ്റ് ഗ്രഹാം പ്ലാറ്റ്നർ 5% മുന്നിലാണെന്നു കണ്ടു: 48-43. അലാസ്‌കയിൽ ആവട്ടെ ഡെമോക്രാറ്റ് മേരി പെൽടോള സള്ളിവനെതിരെ മുന്നിട്ടു നിൽക്കയാണ്.

GOP Senators increasingly ditch Trump 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക