
പ്രസിഡന്റ് ഡോണൾഡ് ട്രംപ് 39 രാജ്യങ്ങളിൽ നിന്നുള്ളവരുടെ കുടിയേറ്റവും പൗരത്വവും തടഞ്ഞ ഉത്തരവിനെതിരെ നാലു ഡെമോക്രാറ്റിക് സെനറ്റർമാർ രംഗത്തിറങ്ങി. ട്രംപിന്റെ ഉത്തരവ് ഗ്രീൻ കാർഡുകൾക്കു തടസം സൃഷ്ടിക്കയും നാച്ചുറലൈസേഷൻ അപേക്ഷകളും വർക് പെര്മിറ്റുകളും തടഞ്ഞിടുകയും ചെയ്യുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. അത് കുടുംബങ്ങളെയും തൊഴിൽ ഉടമകളെയും വെട്ടിലാക്കുന്നു.
ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്വേയ്‌ൻ മുള്ളിന് എഴുതിയ കത്തിൽ അവർ ചൂണ്ടിക്കാട്ടുന്നത് ആ നടപടി മൂലം ദേശീയതയുടെ അടിസ്ഥാനത്തിലുള്ള കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നത് പാടേ നിലച്ചുവെന്നാണ്.
സെനറ്റർമാരായ മാർക്ക് വാർണർ, ടിം കെയ്ൻ (ഇരുവരും വിർജീനിയ), ക്രിസ് വാൻ ഹോളൻ, ഏഞ്ജല ഓൾസോബ്രൂക്ക്സ് (ഇരുവരും മെരിലാൻഡ്) എന്നിവരാണ് കത്തയച്ചത്.
ട്രംപ് നിർദേശിച്ച 39 രാജ്യങ്ങളിൽ നിന്നുള്ളവരുടെ കുടിയേറ്റ അപേക്ഷകൾ തന്നെ പരിഗണിക്കേണ്ട എന്നു 2025 ഡിസംബറിലും 2026 ജനുവരിയിലും യുഎസ് സി ഐ എസ് ഉത്തരവിട്ടുവെന്നു അവർ ചൂണ്ടിക്കാട്ടി. ആ നയം മൂലം ഗ്രീൻ കാർഡ് അപേക്ഷകളും നാച്ചുറലൈസേഷൻ ഇന്റർവ്യൂകളും തൊഴിലുടമകളുടെ അനുമതികളും മറ്റും തടയപ്പെട്ടു.
2021 ജനുവരിക്കു മുൻപ് ആ രാജ്യങ്ങളിൽ നിന്നു യുഎസിൽ പ്രവേശിച്ച വ്യക്തികളുടെ അപേക്ഷകൾ രണ്ടാമതും വിലയിരുത്തണം എന്ന നിർദേശത്തെയും അവർ വിമർശിച്ചു.
ഒരു വിദേശിയുടെ പേരിൽ ഉണ്ടായ പ്രശ്നത്തിന്റെ പേരിൽ 40 രാജ്യങ്ങളിൽ നിന്നുള്ളവരുടെ അപേക്ഷകൾ തടഞ്ഞിടുകയാണ് ചെയ്യുന്നതെന്നു സെനറ്റർമാർ ചൂണ്ടിക്കാട്ടി. അതിന്റെ പ്രത്യാഘാതം കുടുംബങ്ങളും ബിസിനസുകളും അനുഭവിച്ചു തുടങ്ങി. ആളുകൾക്കു ജോലി നഷ്ടമാവുന്നു, അവരുടെ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത തകരുന്നു, തൊഴിലുടമകൾ നഷ്ടം സഹിക്കേണ്ടി വരുന്നു.
ഗ്രീൻ കാർഡ് അപേക്ഷകർ രാജ്യത്തിനു പുറത്തു പോയി തീരുമാനം കാത്തിരിക്കണം എന്ന യുഎസ് സി ഐ എസ് ഉത്തരവിനെയും സെനറ്റർമാർ വിമർശിച്ചു.
US senators challenge immigration freeze