
ന്യൂഡൽഹി: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ എട്ടിനു നടക്കുന്ന "ഇന്ത്യ' സഖ്യത്തിന്‍റെ യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ. കോൺഗ്രസ് പങ്കെടുക്കുന്ന മുന്നണി യോഗത്തിൽ പാർട്ടി ഭാഗമാകേണ്ടതില്ലെന്നു തീരുമാനിച്ചതായി ഡിഎംകെ പ്രസ്താവനയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ്, ഡിഎംകെയെ വഞ്ചിച്ചു. പ്രവർത്തകർക്ക് കോൺഗ്രസിനോട് അതിന്‍റെ രോഷമുണ്ടെന്നും ഇനിയൊരു സഖ്യത്തിനില്ലെന്നും ഡിഎംകെ. എന്നാൽ, തുടർന്നും രാജ്യത്തിന്‍റെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇതര പാർട്ടികളോടു സഹകരിച്ച് പ്രവർത്തിക്കുമെന്നും ഡിഎംകെ പറഞ്ഞു.
കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരേ സംയുക്ത തന്ത്രങ്ങൾ മെനയാനും സഖ്യകക്ഷികൾ തമ്മിലുള്ള ബന്ധം ശക്തമാക്കാനും ലക്ഷ്യമിട്ടാണ് എട്ടിന് പ്രതിപക്ഷ മുന്നണിയുടെ മുതിർന്ന നേതാക്കൾ യോഗം ചേരുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ആം ആദ്മി പാർട്ടി പങ്കെടുത്തേക്കില്ല.