
അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള മൂന്ന് കർഷക തൊഴിലാളികളെയും ഒരു പാക്ക് തൊഴിലാളിയെയും ഇറ്റലിയിൽ ജീവനോടെ ചുട്ടു കൊന്ന കേസിൽ കുറ്റാരോപിതർ ഇറ്റാലിയൻ ക്രിമിനൽ സംഘങ്ങളുടെ പാക്ക് വംശജരായ കൊലയാളികളാണെന്നു വെളിപ്പെടുത്തൽ. കിട്ടേണ്ട വേതനം ചോദിച്ചതിന്റെ പേരിലാണ് അഫ്ഘാൻ വംശജരെ ദക്ഷിണ ഇറ്റലിയിലെ കലാബ്രിയയിൽ കാറിനകത്തിട്ടു ചുട്ടുകൊന്നത്.
ക്രിമിനൽ സംഘങ്ങൾ തൊഴിലാളികളെ ക്രൂരമായി ചൂഷണം ചെയ്യുന്നു എന്ന വെളിപ്പെടുത്തൽ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ തീവ്ര വലതു പക്ഷ സർക്കാരിനു കളങ്കമാവുന്നു.
ഇത്ര പ്രാകൃതമായ ഒരു കൊലപാതകം ജീവിതത്തിൽ ഇന്നു വരെ കണ്ടിട്ടില്ലെന്നു പോലീസ് കമ്മീഷണർ അന്റോണിയോ ബോറെല്ലി പറഞ്ഞു. തൊഴിലാളികളെ കയറ്റിയ കാർ ഗ്യാസ് സ്റ്റേഷനിൽ കിടക്കുമ്പോൾ കൊലയാളികൾ അതിനു മുകളിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ആർക്കും പുറത്തിറങ്ങാൻ കഴിയില്ലെന്ന് അവർ ഉറപ്പു വരുത്തി.
എന്നാൽ മുഹമ്മദ് താജ് അലംയർ (35) എന്ന അഫ്ഘാൻകാരൻ കാറിന്റെ ഡിക്കി വഴി പുറത്തു ചാടി രക്ഷപെട്ടു.
സ്ട്രോബറി കൃഷിയിടത്തിലാണ് താനും മറ്റു നാലു പേരും ജോലി ചെയ്തിരുന്നതെന്ന് അലംയർ ഇറ്റാലിയൻ മാധ്യമങ്ങളോടു പറഞ്ഞു. പാക്ക് തൊഴിലാളികളും ഉണ്ടായിരുന്നു. ശമ്പളം കൃത്യമായി ലഭിക്കണമെന്ന് തങ്ങൾ തൊഴിലുടമയോട് ആവശ്യപ്പെട്ടു.
അതാണ് പ്രകോപനമായത്. ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് പാക്കിസ്ഥാനി ക്രിമിനലുകൾ തീ വച്ചത്. അവർ ലഹരി കടത്തുകാരായി ഇറ്റാലിയൻ ക്രിമിനൽ സംഘങ്ങൾക്കു വേണ്ടി ജോലി ചെയ്യുന്നവരാണ്.
കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മെലോണി പറഞ്ഞു. ഇറ്റലി അക്രമത്തിനു മുന്നിൽ മുട്ടു മടക്കില്ല.
അഴിമതിയിൽ മുങ്ങിക്കുളിച്ച തൊഴിൽ നയമാണ് ഇറ്റലിയുടെ കാർഷിക മേഖല കാണുന്നതെന്ന് ആക്ഷേപമുണ്ട്. ക്രിമിനൽ സംഘങ്ങളാണ് ദരിദ്ര രാജ്യങ്ങളിൽ നിന്നു തൊഴിലാളികളെ ജോലിക്കു കൊണ്ടുവന്നു ചൂഷണം ചെയ്യാൻ സഹായിക്കുന്നത്.
കൊല്ലപ്പെട്ട എല്ലാവർക്കും ഇറ്റലിയിൽ താമസിക്കാനുളള പെർമിറ്റ് ഉണ്ടായിരുന്നു. അവിടെ കഴിഞ്ഞു വന്ന അവർക്കു ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നില്ല.
സഫീർ അഹ്‌മദ് (31), അലി റാസ (31) എന്നീ പാക്കിസ്ഥാനികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാർഷിക രംഗത്തെ തൊഴിൽ ചൂഷണം തുടരുന്നത് ആശാസ്യമല്ലെന്നു ഇറ്റാലിയൻ കാർഷിക കമ്മിഷണർ ജിയാൻലൂക്ക ഗല്ലോ പറഞ്ഞു. ഇത് ആധുനിക അടിമപ്പണിയാണ്.
Killing of foreign laborers maligns Italian govt