
പാലക്കാട്: ‘കേരളത്തിൽ ആദ്യത്തെ മുസ്ലീം സൗഹൃദ ജിം പാലക്കാട് പുതുനഗരത്തിൽ ആരംഭിക്കുന്നു’- സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് പുതിയ ജിമ്മിന്‍റെ പരസ്യവാചകം .പുതുനഗരത്തിലെ ജിം പ്രൊമോഷണൽ വീഡിയോ പുറത്തിറക്കിയതിന് ശേഷമാണ് വിവാദം ആരംഭിച്ചത്. പിന്നാലെ. മുസ്ലീങ്ങൾക്ക് മാത്രം പ്രവേശനമുള്ള ജിമ്മാണോ ആരംഭിക്കുന്നത് എന്നായി പ്രധാന ചോദ്യം. ഇപ്പോൾ അതിൽ വിശദീകരണവുമായി ജിമ്മിന്‍റെ ഉടമ നവാസ് മുത്തു രംഗത്തെത്തിയിരിക്കുകയാണ്.
മുസ്ലീം സൗഹൃദം എന്നാൽ മറ്റ് മതസ്ഥർക്ക് പ്രവേശനം ഇല്ല എന്നല്ല അർഥമാക്കുന്നത് എന്നാണ് നവാസ് പറയുന്നത്. ഇസ്ലാമിക വിശ്വാസങ്ങൾ പ്രകാരമാകും ജിം പ്രവർത്തിക്കുക. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചായിരിക്കില്ല വർക്കൗട്ട് ചെയ്യുകയെന്നും രണ്ടുപേർക്കുമായി വ്യത്യസ്ത സമയക്രമം ഉണ്ടാകുമെന്നും നവാസ് പറയുന്നു. സ്ത്രീകളെ ട്രെയിൻ ചെയ്യിക്കാൻ വനിത ട്രെയിനർമാരും പുരുഷന്മാർക്കായി പുരുഷ ട്രെയിനർമാരും ഉണ്ടാകും.
കൂടാതെ ജിമ്മിനുള്ളിൽ ശബ്ദത്തിൽ പാട്ടുവയ്ക്കില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഇസ്ലാമിക രീതികൾ പിന്തുടരുന്ന പലർക്കും ജിമ്മിൽ പോകാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും ഇത് പരിഹരിക്കാനായാണ് ഇത്തരത്തിലൊരും ആശയത്തിലേക്ക് എത്തിയത് എന്നുമാണ് നവാസ് പറയുന്നത്. എന്നാൽ മറ്റ് മതസ്ഥർക്കും ജിമ്മിൽ മെമ്പർഷിപ്പ് എടുക്കാമെന്നും പാട്ട് കേൾക്കേണ്ടവർ ഹെഡ്സെറ്റ് ഉപയോഗിക്കണം എന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ജിമ്മിന്‍റെ പരസ്യം പുറത്തുവന്നത്. മുസ്ലീം സൗഹൃദ ജിം ആരംഭിക്കുകയാണെന്നും ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യത്തെ ജിമ്മാണ് ഇതെന്നും ഇവർ അവകാശപ്പെട്ടു. 15 വർഷമായി ഇവിടെ ഈ ജിം പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ പുതുക്കിപ്പണിതുകൊണ്ടിരിക്കുന്ന ജിം വീണ്ടും തുറക്കുമ്പോൾ ഇസ്ലാം സൗഹൃദമായിരിക്കും എന്നാണ് വ്യക്തമാക്കിയത്.
ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനം ഉയർന്നു. ഇതോടെ ഈ വിഡിയോ നീക്കം ചെയ്തു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി നവാസ് രംഗത്തെത്തിയത്.