
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് 1000 പേജുകളുള്ള വിശദമായ കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചത്. നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ, അദ്ദേഹത്തിന്റെ പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.
അരൂർ സ്വദേശിയായ സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണത്തിനായി 7 കോടി രൂപ താൻ പ്രതികൾക്ക് നൽകിയിരുന്നതായി പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. സിനിമയുടെ ആകെ ലാഭത്തിന്റെ 40 ശതമാനം വിഹിതം നൽകാമെന്നായിരുന്നു പ്രതികൾ സിറാജിന് നൽകിയിരുന്ന ഉറപ്പ്. എന്നാൽ ചിത്രം റിലീസ് ചെയ്ത് കോടികൾ വാരിക്കൂട്ടിയിട്ടും താൻ മുടക്കിയ മുതൽമുടക്കോ അല്ലെങ്കിൽ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ നൽകാതെ പ്രതികൾ തന്നെ പറ്റിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വിശ്വാസവഞ്ചന, ചതി, ക്രിമിനൽ ഗൂഢാലോചന, ഒന്നിൽക്കൂടുതൽ ആളുകൾ ചേർന്ന് തട്ടിപ്പ് നടത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്.
ഈ കേസിൽ പ്രതികൾക്ക് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.