
എറണാകുളം: മാസപ്പടി ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. ആക്രമണത്തിന് ശേഷം സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ഇതുവരെ നടന്ന അന്വേഷണ വിവരങ്ങൾ സംസ്ഥാന സർക്കാർ ഉടൻ സത്യവാങ്മൂലമായി കോടതിയിൽ സമർപ്പിക്കണം.
മെയ് 27നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാസപ്പടി കേസിലെ അന്വേഷണത്തിൻ്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട് ഇഡി സംഘം പരിശോധിച്ചിരുന്നു. റെയ്ഡിന് ശേഷം മടങ്ങുകയായിരുന്ന കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർക്ക് നേരെയാണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്.
സിപിഎം പ്രവർത്തകർക്കാണ് സംഭവത്തിൽ പങ്കുള്ളതെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപണമുണ്ട്. കേസിൻ്റെ അന്വേഷണം വളരെ മന്ദഗതിയിലാണെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ചൂണ്ടിക്കാട്ടി കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകനാണ് ഹൈക്കോടതിയെ സമീപിച്ചത്.
സംഭവത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കാത്തത് സമൂഹത്തിന് വളരെ തെറ്റായ സന്ദേശം നൽകുമെന്ന് ഹർജിക്കാരൻ വാദിച്ചു. ആക്രമണ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾ തത്സമയം കണ്ടതാണ്. അക്രമികൾ മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ് ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തത്. 300ലധികം ആളുകൾ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നിട്ടും ഇതുവരെ 10ൽ താഴെ ആളുകളെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് ഗുരുതര ആരോപണങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.