Image

ഹിന്ദുസ്ത്രീകൾ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ താലി അഴിച്ചു മാറ്റുന്നത് മാനസിക പീഡനമായി കണക്കാക്കും; മദ്രാസ് ഹൈക്കോടതി

Published on 04 June, 2026
ഹിന്ദുസ്ത്രീകൾ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ താലി അഴിച്ചു മാറ്റുന്നത്   മാനസിക പീഡനമായി കണക്കാക്കും;  മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഹിന്ദുവായ ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരതയായി കണക്കാക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദുസ്ത്രീകൾ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ താലി അഴിച്ചുമാറ്റാറില്ലെന്ന് ജസ്റ്റിസ് പി വടമലൈ നിരീക്ഷിച്ചു. ഭർത്താവിന് വിവാഹമോചനം അനുവദിച്ച കീഴ്ക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

ഭാര്യ ക്രിസ്തുമതം സ്വീകരിച്ചെന്നും താലിമാലയോ ആഭരണങ്ങളോ അണിയുന്നില്ലെന്നും തനിക്കെതിരേ മേലുദ്യോഗസ്ഥർക്ക് വ്യാജ പരാതികൾ നൽകിയെന്നും കാണിച്ചാണ് കരസേനാ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് വിവാഹമോചന ഹർജി നൽകിയത്. ഭർത്താവിന്റെ ഹർജി അംഗീകരിച്ച തെങ്കാശി പ്രിൻസിപ്പൽ സബോർഡിനേറ്റ് കോടതി 2017-ൽ വിവാഹമോചനം അനുവദിച്ചു.

ഇതിനെതിരേ ഭാര്യ നൽകിയ അപ്പീൽ തെങ്കാശി അഡീഷണൽ ജില്ലാ കോടതിയും തള്ളി. അതിനെ ചോദ്യംചെയ്താണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ ക്രിസ്തുമതം സ്വീകരിച്ചത് തനിക്ക് മനോവിഷമമുണ്ടാക്കിയെന്നും മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയതുകാരണം അച്ചടക്ക നടപടി നേരിടേണ്ടിവന്നെന്നും വീട്ടിൽ നിരന്തരം വഴക്കാണെന്നും ഭർത്താവ് ബോധിപ്പിച്ചു.

ഭർത്താവിന് പരസ്ത്രീബന്ധമുണ്ടെന്നും അതു ചോദ്യംചെയ്തതാണ് തന്നോടുള്ള വിരോധത്തിന് കാരണമെന്നുമാണ് ഭാര്യ പറയുന്നത്. താലിമാല ഉൾപ്പെടെ സ്വർണാഭരണങ്ങൾ അണിയാത്തത് ഭാര്യ ക്രിസ്തുമതം സ്വീകരിച്ചെന്നതിന്റെ തെളിവായി കണക്കാക്കാം. ഭർത്താവിനെതിരേ മേലുദ്യോഗസ്ഥർക്ക് പരാതി നൽകുന്നതും ക്രൂരതയാണ്. ഭർത്താവിന് പരസ്ത്രീബന്ധമുണ്ടെന്നതിന് തെളിവു ഹാജരാക്കാൻ ഭാര്യക്ക് കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

Join WhatsApp News
Jayan Varghese 2026-06-04 15:35:03
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വിപ്ലവക്കുതിരകൾ ചക്രവാള സീമകൾ മറികടന്ന് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കുതിക്കുമ്പോൾ പതിച്ചു കിട്ടുന്ന പട്ടയത്തിന്റെ അടയാളം പോലെ പുരുഷ പുങ്കവന്മാർ കഴുത്തിൽ കെട്ടിത്തൂക്കിയ താലി എന്ന നമ്പർ പ്ളേറ്റുമായി ജീവിതകാലം ഇന്ത്യൻ വനിതകൾ അടിമത്തം ശിരസാ വഹിക്കുന്നു ! കോടതികൾ പോലും ഈ അധിനിവേശത്തിനു കൂട്ട് നിൽക്കുമ്പോൾ എവിടെ മാനവ സമൂഹം കൊട്ടി ഘോഷിക്കുന്ന ആധുനിക ജനാധിപത്യ ബോധം ? മരണാന്തര സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്ന മതങ്ങളും മരണത്തിനു മുൻപുള്ള സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്ന സ്വതന്ത്ര ചിന്തകരും എന്ത് കൊണ്ട് നിത്യ ജീവിതത്തിലെ ഈ നരകം കാണുന്നില്ല ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക