
തിരുവനന്തപുരം: ധവളപത്രമെന്നത് സർക്കാരിനെ പേടിപ്പിക്കാനുള്ള ഉമ്മാക്കിയില്ലെന്നും, കഴിഞ്ഞ എൽഡിഎഫ് ഭരണത്തിന്റെ വീഴ്ചകൾക്ക് നേരെ പിടിച്ച കണ്ണാടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ധവളപത്രം കാണിച്ച് വിരട്ടേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ വളരെ മോശം നിലയിലാണെന്നും ഇതിന് അടിയന്തര മാറ്റം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു. കഴിഞ്ഞ മേയ് മാസത്തിൽ ട്രഷറിയിൽ 5000 കോടി രൂപ ഉണ്ടായിരുന്നുവെന്ന ഇടതുപക്ഷത്തിന്റെ പ്രചാരണം തെറ്റാണെന്നും മേയ് 16-ന് ട്രഷറിയിൽ വെറും 2000 കോടി രൂപ മാത്രമാണ് അവശേഷിച്ചിരുന്നതെന്നും അദ്ദേഹം സഭയെ കണക്കുകൾ നിരത്തി ബോധ്യപ്പെടുത്തി.
കിഫ്ബിക്കെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചത്. കിഫ്ബി കൊണ്ടുവന്ന കാലം മുതൽക്കേ അതിനെ എതിർത്തയാളാണ് താനെന്നും, കിഫ്ബി എടുത്ത വായ്പകളുടെ പലിശ നിരക്ക് കേട്ടാൽ തലകറങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഗ്യാരന്റിയിൽ എടുത്ത ഈ കടങ്ങളെല്ലാം ഒടുവിൽ വന്ന് വീണത് പുതിയ സർക്കാരിന്റെ തലയിലാണ്. ധനവകുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പ്രത്യേക സാമ്രാജ്യമായാണ് കിഫ്ബി പ്രവർത്തിച്ചിരുന്നത്. മുൻ മന്ത്രി ജി. സുധാകരൻ പോലും കിഫ്ബിയുടെ ഈ കുറവുകൾ മനസ്സിലാക്കിയ ആളാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. കിഫ്ബിയുടെ കാര്യത്തിൽ വിദഗ്ദ്ധാഭിപ്രായം തേടുമെന്നും ആർക്കും ദോഷകരമല്ലാത്ത രീതിയിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടുചോർച്ചയെ ചൊല്ലിയുള്ള ഭരണപക്ഷത്തിന്റെ ആരോപണങ്ങൾക്കും സതീശൻ സഭയിൽ അക്കമിട്ട് മറുപടി നൽകി. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ എൽഡിഎഫിനാണ് വോട്ട് കുത്തനെ കുറഞ്ഞതെന്നും ചാത്തന്നൂരിൽ യുഡിഎഫിന് വോട്ട് കൂടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ പറയുന്ന വാദങ്ങൾ ശരിയാണെങ്കിൽ സിപിഎമ്മാണ് വെള്ളിത്താലത്തിൽ ബിജെപിക്ക് വോട്ടുകൾ വെച്ചുനീട്ടിയതെന്ന് പറയേണ്ടിവരും. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കമ്മ്യൂണിസ്റ്റുകാർ ഒറ്റുകാരായിരുന്നുവെന്നും വി.ഡി. സതീശൻ ആരോപിച്ചു. യുഡിഎഫ് എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും വർഗ്ഗീയതയോട് മുഖംനോക്കാതെ പ്രതികരിച്ചതിനുള്ള ജനങ്ങളുടെ മറുപടിയാണ് യുഡിഎഫിന്റെ ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.