
മലപ്പുറം: പാർട്ടി കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ അതിനൊപ്പം നിൽക്കുക എന്നത് തന്റെ ചുമതലയാണെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ എംഎൽഎ. പശ്ചിമ ബംഗാളിൽ ഇടതുപക്ഷത്തിന് സംഭവിച്ച തകർച്ച വൈകാതെ കേരളത്തിലും സംഭവിക്കുമെന്നും, ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് സംസ്ഥാനത്ത് കടുത്ത മതധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മിൽ വിശ്വാസികൾക്കും മെമ്പർഷിപ്പ് എടുക്കാൻ തടസ്സമില്ലെന്ന് വ്യക്തമാക്കിയ ജലീൽ, മുൻപ് വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റി എന്ന് പറഞ്ഞ് തനിക്കെതിരെ വോട്ട് വാങ്ങിയവർ ഇപ്പോൾ അതേ വെള്ളാപ്പള്ളിയെ പോയി കാണുകയാണെന്നും പരിഹസിച്ചു.
വാർത്താസമ്മേളനത്തിൽ മുസ്ലിം ലീഗിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് ജലീൽ ഉന്നയിച്ചത്. മുൻപ് അല്ലാഹുവിന്റെ നാമത്തിൽ മാത്രം സത്യപ്രതിജ്ഞ ചെയ്തിരുന്ന ലീഗ് എംഎൽഎമാരും മന്ത്രിമാരും ഇപ്പോൾ എന്തുകൊണ്ടാണ് അല്ലാഹുവിനെ വിട്ട് ദൈവനാമത്തിലേക്ക് മാറിയതെന്നും, അവരുടെ തൊപ്പി എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. താൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ അതിനെ മതപരമായി ശക്തമായി എതിർത്തവരാണ് മുസ്ലിം ലീഗുകാർ. എന്നാൽ തൊപ്പി വെച്ച് നടക്കുന്ന സാധാരണ വിശ്വാസികളോട്, ഇനി 'തൊപ്പി' ഒരു പ്രധാന ഘടകമല്ലെന്ന് പറയാൻ ലീഗ് നേതൃത്വം നിർബന്ധിതരാകുമെന്നും കെ.ടി. ജലീൽ കൂട്ടിച്ചേർത്തു.