
നെടുമങ്ങാട്ട് ഒന്നര വയസ്സുള്ള ആൺകുഞ്ഞ് ക്രൂരമായ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവം കേരള മനസ്സാക്ഷിയെ ഒന്നാകെ പിടിച്ചുലച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകൾ കണ്ടെത്തിയത് പൊതുസമൂഹത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇപ്പോഴിതാ, ആ പിഞ്ചുകുഞ്ഞിന്റെ വിയോഗത്തിൽ തന്റെ തീരാവേദന പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രിയ ഗായിക കെ.എസ്. ചിത്ര.
സംഭവത്തെക്കുറിച്ച് കേട്ടതുമുതൽ മനസ്സ് അസ്വസ്ഥമാണെന്നും ഭയം തോന്നുന്നുവെന്നുമാണ് ചിത്ര തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്. “കേവലം ഒന്നര വയസ്സു മാത്രം പ്രായമുള്ള അർഷിദ് മോന്റെ വിയോഗ വാർത്ത ഉള്ളുലയ്ക്കുന്നു. മനസ്സ് അസ്വസ്ഥമാക്കുന്നു. ഭയം തോന്നുന്നു. ഇത്തരം ക്രൂര സംഭവങ്ങൾ ഇനിയുണ്ടാവാതിരിക്കട്ടെ, മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ. പ്രാർത്ഥനകൾ മാത്രം!” കെ.എസ്. ചിത്ര കുറിച്ചു.
ചിത്രയുടെ വൈകാരികമായ ഈ കുറിപ്പിന് താഴെ അനവധി അമ്മമാരും പൊതുജനങ്ങളും തങ്ങളുടെ രോഷവും സങ്കടവും പങ്കുവെച്ചുകൊണ്ട് കമന്റുകളുമായി രംഗത്തെത്തുന്നുണ്ട്. കുഞ്ഞിന്റെ മുഖം മനസ്സിൽ നിന്ന് മായുന്നില്ലെന്നും, കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന ക്രൂരന്മാർക്ക് നിയമം നൽകുന്ന ഏറ്റവും കഠിനമായ ശിക്ഷ തന്നെ ഉറപ്പാക്കണമെന്നുമാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്.