
കലിഫോർണിയ ഗവർണർ സ്ഥാനാർഥിയെ നിശ്ചയിക്കാൻ പാർട്ടി അതിരുകൾ ഇല്ലാതെ നടത്തിയ പ്രൈമറിയിൽ ചൊവാഴ്ച്ച വോട്ടെണ്ണൽ അനന്തമായി നീളുമ്പോൾ ഫലം ഇനിയും വൈകുമെന്നു വ്യക്തമായി. പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുള്ള റിപ്പബ്ലിക്കൻ സ്റ്റീവ് ഹിൽട്ടൺ നേരിയ ലീഡിൽ നിൽക്കുമ്പോൾ ഡെമോക്രാറ്റ് സേവ്യർ ബസെറ തൊട്ടു പിന്നിലുണ്ട്. ഏറ്റവുമധികം വോട്ട് കിട്ടുന്ന രണ്ടു പേർ തമ്മിലാണ് നവംബർ 3നു ഡെമോക്രാറ്റിക് കോട്ടയിൽ ഏറ്റുമുട്ടുക.
അയോവയിൽ ഗവർണർ സ്ഥാനാർഥിയാവാനുള്ള മത്സരത്തിൽ ട്രംപിന്റെ സ്ഥാനാർഥി റെപ്. റാൻഡി ഫീൻസ്ട്ര പരാജയം ഏറ്റുവാങ്ങി. ഫീൻസ്ട്രയെ തോൽപിച്ച ബിസിനസുകാരൻ സാക് ലാൻ നവംബർ 3നു ഡെമോക്രാറ്റ് റോബ് സാൻഡിനെ നേരിടും.
ഡെമോക്രാറ്റുകൾ അനായാസം ജയിക്കുന്ന ലോസ് ഏഞ്ജലസിൽ മേയർ കാരൻ ബാസ് ആദ്യ റൗണ്ടിൽ വിജയിച്ചില്ല. 50% വോട്ട് ലഭിക്കാതെ അവർ റൺ-ഓഫിലേക്കു പോയപ്പോൾ രണ്ടാം സ്ഥാനത്തിനു അതിശക്തമായ മത്സരം നടക്കുകയാണ്. റിപ്പബ്ലിക്കൻ സ്‌പെൻസർ പ്രാറ്റ് വിജയം അവകാശപ്പെട്ടെങ്കിലും ഡെമോക്രാറ്റ് നിത്യാ രാമൻ വെല്ലുവിളി ഉയർത്തി. ഏറ്റവും ഒടുവിൽ കാരൻ ബാസ് 34.8%, പ്രാറ്റ് 30.4%, നിത്യ രാമൻ 22.3% എന്നതാണ് നില.
സെനറ്റ് പ്രൈമറിയിൽ അയോവ ഡെമോക്രാറ്റുകൾ പാരാലിമ്പിക് ഒളിംപിക്‌സ് സ്വർണ ജേതാവ് ജോഷ് തുറക്കിനെ വിജയിപ്പിച്ചു.
ന്യൂ മെക്സിക്കോയിൽ മുൻ കോൺഗ്രസ് അംഗം ഡെബ് ഹാലാൻഡ് ഗവർണർ മത്സരത്തിനുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥിയായി.
California primary throws up dead heat