Image

കുവൈത്ത് വിമാനത്താവളത്തില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യാക്കാരൻ മരിച്ചു; വിമാന സര്‍വീസുകളെ ബാധിച്ചു

Published on 03 June, 2026
കുവൈത്ത് വിമാനത്താവളത്തില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യാക്കാരൻ മരിച്ചു; വിമാന സര്‍വീസുകളെ ബാധിച്ചു

 കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യാക്കാരൻ  കൊല്ലപ്പെട്ടതായി കുവൈത്ത്  ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഇവരില്‍ ആറ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയുമാണ്. വിമാനത്താവളത്തിന് പുറമെ കുവൈത്തിലെ വിവിധ നയതന്ത്ര മിഷന്‍ ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ഈ നടപടിയെ ഗള്‍ഫ് രാജ്യങ്ങള്‍ അപലപിച്ചു. യുഎസ്   ആക്രമണത്തിനുള്ള പ്രതികാരമായിട്ടാണ് ഇറാന്‍ കുവൈത്തിനും ബഹ്റൈനുംനേരെ ആക്രമണങ്ങള്‍ നടത്തിയത്.
ആക്രമണത്തെത്തുടര്‍ന്ന് കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍വീസുകള്‍ തടസ്സപ്പെട്ടതോടെ വിവിധ വിമാനങ്ങള്‍ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. കോഴിക്കോട്ട് നിന്നും കുവൈത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം (IX 393) യാത്രയ്ക്കിടെ പകുതി വഴിയില്‍  വെച്ച് കോഴിക്കോട്ടേക്ക് തന്നെ തിരിച്ചുവിട്ടു. സംഘര്‍ഷം ആരംഭിച്ച ശേഷം കോഴിക്കോട്ട് നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട ആദ്യ വിമാനമായിരുന്നു ഇത്.
സുരക്ഷാ സാഹചര്യം കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമേ സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് കുവൈത്ത് എയര്‍വേയ്സ് അറിയിച്ചു. നിലവില്‍ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങളും പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക