Image

നിര്‍ബന്ധിത തൊഴിലില്‍ നടപടിയില്ല: ഇന്ത്യ ഉള്‍പ്പെടെ 50-ലേറെ രാജ്യങ്ങള്‍ക്കുമേല്‍ പുതിയ തീരുവ ചുമത്താന്‍ നീക്കവുമായി ട്രംപ്

Published on 03 June, 2026
നിര്‍ബന്ധിത തൊഴിലില്‍ നടപടിയില്ല: ഇന്ത്യ ഉള്‍പ്പെടെ 50-ലേറെ രാജ്യങ്ങള്‍ക്കുമേല്‍ പുതിയ തീരുവ ചുമത്താന്‍ നീക്കവുമായി ട്രംപ്


വാഷിങ്ടണ്‍: നിര്‍ബന്ധിത തൊഴിലെടുപ്പിക്കലിനെതിരേ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് ഇന്ത്യ ഉള്‍പ്പെടെ അന്‍പതിലേറെ രാജ്യങ്ങള്‍ക്കു മേല്‍ പുതിയ തീരുവ ചുമത്താനുള്ള നീക്കവുമായി യുഎസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് (യുഎസ്ടിആര്‍) മുന്നോട്ടുവെച്ചിരിക്കുന്നത്10 മുതല്‍ 12.5 ശതമാനം വരെ തീരുവയാണ്.

ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രസീല്‍, സ്വിറ്റ്സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്കുമേല്‍ 12.5 ശതമാനവും കാനഡ, മെക്സിക്കോ, തായ്വാന്‍, യുകെ തുടങ്ങിയ രാജ്യങ്ങള്‍ക്കു മേല്‍ പത്തു ശതമാനവുമാണ് തീരുവ ചുമത്താന്‍ തീരുമാനിച്ചിട്ടുള്ളത്.


അതേസമയം പുതിയ തീരുവ ഉടന്‍ പ്രാബല്യത്തില്‍ വരില്ല. ഇവ പൊതുജനാഭിപ്രായത്തിനും അവലോകനത്തിനും വിധേയമായ ശേഷമാകും നിലവില്‍ വരിക. ജൂലൈ ആറുവരെ പൊതുജനങ്ങള്‍ക്ക് ഇതേക്കുറിച്ച് അഭിപ്രായം അറിയിക്കാം. പിന്നാലെ യുഎസ്ടിആര്‍ ഇതുമായി ബന്ധപ്പെട്ട വാദങ്ങളും കേള്‍ക്കും. നിലവില്‍ വരുന്നപക്ഷം, നേരത്തെ യുഎസ് സുപ്രീം കോടതി തീരുവ ചുമത്തലില്‍ ഏര്‍പ്പെടുത്തിയ പരിധിയെ മറികടക്കാന്‍ ട്രംപിന് സാധിക്കും എന്നതാണ് ഈ പുതിയ നീക്കത്തിന്റെ സവിശേഷത.


1974-ലെ യുഎസ് വ്യാപാര നിയമത്തിലെ 301 (ബി)(1) വകുപ്പ് അനുസരിച്ച് വ്യാപാരപങ്കാളികളെ കുറിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പുതിയ തീരുവ ചുമത്താന്‍ ട്രംപ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

നിര്‍ബന്ധിത തൊഴില്‍ വഴി നിര്‍മിച്ച ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തതിനെതിരേനടപടി കൈക്കൊണ്ടിട്ടുണ്ടോ അത് യുഎസ് വാണിജ്യത്തെ ബാധിച്ചിട്ടുണ്ടോ എന്നാണ് യുഎസ് അന്വേഷിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 54 രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്നാണ് ചൊവ്വാഴ്ച യുഎസ്ടിആര്‍ അറിയിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്നും യുഎസ്ടിആര്‍ വ്യക്തമാക്കുന്നു.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക