
തിരുവനന്തപുരം: മാസപ്പടി കേസിലെ റെയ്ഡിന് ശേഷം മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിൽ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ മ്യൂസിയം എസ്എച്ച്ഒ ആർ പ്രശാന്ത് തന്നെയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. അഞ്ച് ഇൻസ്പെക്ടർമാരും ഏഴ് എസ്ഐമാരും അടക്കം 30 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് പുതുതായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം.
നിലവിൽ മ്യൂസിയം പോലീസായിരുന്നു ഈ കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കൂടാതെ, സമാനമായ ആവശ്യം ഉന്നയിച്ച് ഇ ഡി അധികൃതർ തങ്ങളുടെ ഡയറക്ടറേറ്റിലേക്ക് റിപ്പോർട്ട് അയച്ചതായും വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എസ്‌ഐടിക്ക് കൈമാറാൻ ഉന്നതതല തീരുമാനമുണ്ടായത്.