
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പത്തൊൻപതുകാരിയായ അമ്മയ്ക്ക് മനംമാറ്റം. കുഞ്ഞിനെ തനിക്ക് തിരികെ വേണമെന്ന് പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) അധികൃതരോട് ആവശ്യപ്പെട്ടു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെ ഏറ്റെടുക്കാനായി ഇന്നലെ സി.ഡബ്ല്യു.സി അധികൃതർ എത്തിയപ്പോഴാണ് കുഞ്ഞിനെ വിട്ടുതരണമെന്ന് യുവതി ആവശ്യപ്പെട്ടത്. പ്രസവിച്ച ആദ്യ ദിവസങ്ങളിൽ കുഞ്ഞിനെ വേണ്ട എന്ന നിലപാടിലായിരുന്നു ഇവർ.
എന്നാൽ, നവജാതശിശുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ നിലവിൽ വിട്ടയയ്ക്കുന്നതിൽ നിയമപരവും സാങ്കേതികവുമായ തടസ്സങ്ങളുണ്ടെന്ന് സി.ഡബ്ല്യു.സി വ്യക്തമാക്കി. തുടർന്ന് കുട്ടിയെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ മണ്ണഞ്ചേരി ശിശുവികാസം ഭവനിലേക്ക് താത്കാലിക സംരക്ഷണത്തിനായി മാറ്റി. ആദ്യ ദിവസങ്ങളിൽ കൗൺസിലർമാരോട് ഒട്ടും സഹകരിക്കാതിരുന്ന പെൺകുട്ടി, തുടർച്ചയായ കൗൺസിലിംഗിന് ഒടുവിലാണ് കുഞ്ഞിനെ തിരികെ വേണമെന്ന നിലപാടിലേക്ക് എത്തിയത്.