Image

ഓപ്പറേഷൻ ചെക്‌മേറ്റ് : 30 ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

Published on 02 June, 2026
  ഓപ്പറേഷൻ ചെക്‌മേറ്റ് : 30 ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

 
വാഷിങ്ടൺ: അമേരിക്കയിൽ രേഖകളില്ലാതെ താമസിച്ച് വാണിജ്യ ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്തിരുന്ന മുപ്പതോളം ഇന്ത്യക്കാരെ യുഎസ് അധികൃതർ അറസ്റ്റ് ചെയ്തു. അതിർത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെഡറൽ ഏജൻസികൾ നടത്തിയ ഓപ്പറേഷൻ ചെക്‌മേറ്റ് ' എന്ന പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായ ഇന്ത്യൻ സ്വദേശികളെ ഉടൻ തന്നെ അമേരിക്കയിൽ നിന്നും നാടുകടത്തുമെന്നാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) വിഭാഗം ഔദ്യോഗികമായിഅറിയിച്ചിട്ടുള്ളത്.


അരിസോണയിലെ യുമാ സെക്ടറിൽ മെയ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിലായിരുന്നു യുഎസ് ബോർഡർ പട്രോൾ എജന്റുമാർ വ്യാപകമായ പരിശോധന നടത്തിയത്. വിസ കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായും രാജ്യത്ത് തുടർന്ന 52 പേരാണ് ആകെ ഓപ്പറേഷനിൽ പിടിയിലായത്. ഇതിൽ വൻകിട സെമി ട്രക്കുകൾ ഓടിച്ചിരുന്ന 36 ഡ്രൈവർമാരിൽ 30 പേരും ഇന്ത്യൻ പൗരന്മാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ബാക്കി ആറുപേർ മെക്സിക്കോ,
എൽ സാൽവഡോർ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. കാലിഫോർണിയ, ന്യൂയോർക്ക്, വാഷിങ്ടൺ, വിർജീനിയ തുടങ്ങിയ വിവിധ യുഎസ് സംസ്ഥാനങ്ങളിൽ നിന്നുള്ള വാണിജ്യ ഡ്രൈവിങ് ലൈസൻസുകൾ (CCL) ഇവരിൽ ചിലരുടെ കൈവശമുണ്ടായിരുന്നു. എന്നാൽ മറ്റുചിലർക്ക് യാതൊരുവിധ ഡ്രൈവിങ് രേഖകളും ഉണ്ടായിരുന്നില്ല. മുൻ ജോ ബൈഡൻ ഭരണകൂടത്തിന്റെ കാലയളവിൽ ഇവർക്ക് ലഭിച്ചതും എന്നാൽ നിലവിൽ കാലാവധി കഴിഞ്ഞതുമായ താൽക്കാലിക വർക്ക് പെർമിറ്റുകളാണ് ഭൂരിഭാഗം പേരും ഉപയോഗിച്ചിരുന്നത്.


അമേരിക്കയിലെ ദേശീയപാതകളിലൂടെ വാണിജ്യ മോട്ടോർ വാഹനങ്ങൾ ഓടിക്കുന്ന നിയമവിരുദ്ധ താമസക്കാരെ കണ്ടെത്തുക വഴി പൊതുജന സുരക്ഷ വർധിപ്പിക്കുകയാണ് 'ഓപ്പറേഷൻ ചെക്‌മേറ്റ്  കൊണ്ട് യുഎസ് ലക്ഷ്യമിടുന്നത്. കൃത്യമായ യോഗ്യതയോ നിയമപരമായ രേഖകളോ ഇല്ലാത്ത ഡ്രൈവർമാർ റോഡുകളിൽ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്ന് യുഎസ് ബോർഡർ പട്രോളിന്റെ യുമാ സെക്ടർ ആക്ടിങ് ചീഫ് പട്രോൾ ഏജന്റ് ഡസ്റ്റിൻ കോഡിൽ വ്യക്തമാക്കി. ഇത്തരം അനധികൃത തൊഴിലാളികളെ തടയുന്നതിനും മാരകമായ റോഡ് അപകടങ്ങൾ ഇല്ലാതാക്കുന്നതിനുമായി ഫെഡറൽ ഏജന്റുമാർ ദിവസേന കർശനമായ പട്രോളിങ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ഭരണകൂടത്തിന് കീഴിൽ, മതിയായ യോഗ്യതയില്ലാത്ത വിദേശികൾ വാണിജ്യ ട്രക്കുകളും ബസുകളും ഓടിക്കുന്നതിനുള്ള ലൈസൻസുകൾ സ്വന്തമാക്കുന്നത് തടയാൻ യുഎസ് ഗതാഗത വകുപ്പ് കർശന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎസിലെ വിവിധ സംസ്ഥാനങ്ങളിൽ വാണിജ്യ വാഹനങ്ങൾ ഓടിക്കുന്നതിനിടയിൽ കടുത്ത അനാസ്ഥ കാരണം മാരകമായ അപകടങ്ങൾ ഉണ്ടാക്കിയതിന് ഇന്ത്യൻ വംശജരായ നിരവധി ട്രക്ക് ഡ്രൈവർമാർ
അറസ്റ്റിലാകുകയും അവർക്കെതിരെ കടുത്ത ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്താനുള്ള ഫെഡറൽ ഏജൻസികളുടെ നീക്കം ശക്തമായിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക