
തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കായി അന്താരാഷ്ട്ര നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് ഡിഫറന്റ് ആര്‍ട് സെന്ററെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. ഡി.എ.സിയിലെ ഹരി ഗോവിന്ദ് എന്ന ഭിന്നശേഷി വിദ്യാര്‍ത്ഥി അഭിനയിച്ച അപ്പുവിന്റെ റേഡിയോ എന്ന ഹ്രസ്വചിത്രത്തിന്റെ റിലീസിംഗ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതി വകുപ്പ് മന്ത്രിയായതിനുശേഷം ആദ്യമായി ഇത്തരമൊരു സ്ഥാപനം തന്നെ സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ഡി.എ.സിയുടെ പ്രവര്‍ത്തന മികവ് മാതൃകാപരവും പ്രശംസനീയവുമാണ്. മാത്രവുമല്ല ഇത് കേരള സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അഭിമാനവുമാണ്. ഭിന്നശേഷി മേഖലയോട് അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും ഈ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെന്താണെങ്കിലും അതിനെല്ലാം മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിഫറന്റ് ആര്‍ട് സെന്റര്‍ ചെയര്‍മാന്‍ ഡോ.ജിജി തോംസണ്‍ ഐ.എ.എസ്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, കെ.എസ്.ഇ.ബി ലീഗല്‍ കണ്‍സള്‍ട്ടന്റ് എസ്.എച്ച് പഞ്ചാപകേശന്‍, ചിത്രത്തിന്റെ സംവിധായിക വിദ്യാചന്ദ്ര, ഛായാഗ്രാഹകന്‍ രഞ്ജിത് ശിവ, നിര്‍മാതാവ് ശ്രീപ്രിയ, അഭിനേതാവ് പ്രിന്‍സ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ സിനിമയിലെ പ്രധാന കഥാപാത്രമായ ഹരിഗോവിന്ദിന് മന്ത്രി ഉപഹാരമായി റേഡിയോ സമ്മാനിച്ചു. ഹരിഗോവിന്ദിന്റെ മാതാവ് ശ്രീപ്രിയ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചലച്ചിത്ര നിര്‍മാണത്തിന്റെ ചെലവിന് ഹരിഗോവിന്ദിന് ഡിഫറന്റ് ആര്‍ട് സെന്ററില്‍ നിന്നും കിട്ടുന്ന സ്റ്റൈഫന്റും ഉപയോഗിച്ചിട്ടുണ്ടെന്ന് പിതാവ് ഗിരീഷ് ശിവോദയം പറഞ്ഞു