Image

ഇന്ധന വില വര്‍ധന: സിപിഎം സമരത്തിലേക്ക്

Published on 02 June, 2026
ഇന്ധന വില വര്‍ധന:  സിപിഎം സമരത്തിലേക്ക്

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയിലൂടെ ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെയും, അതിനെതിരെ മൗനം പാലിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെയും ജൂണ്‍ 4 വ്യാഴാഴ്ച ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജില്ലാ - ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും തെരഞ്ഞെടുക്കപ്പെട്ട മറ്റ് പ്രധാന സ്ഥലങ്ങളിലുമായിരിക്കും പ്രക്ഷോഭം നടക്കുക.

കഴിഞ്ഞ മെയ് 15 മുതല്‍ 25 വരെയുള്ള 11 ദിവസത്തിനിടെ മാത്രം നാല് തവണയാണ് പെട്രോള്‍, ഡീസല്‍ വില കൂട്ടിയത്. ഏഴര രൂപയുടെ വര്‍ദ്ധനവാണ് ഈ ദിവസങ്ങളില്‍ മാത്രം ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണയ്ക്ക് വില കുറഞ്ഞപ്പോള്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് ഇന്ധന നികുതി കുത്തനെ ഉയര്‍ത്തിയത്. അന്താരാഷ്ട്ര വില കുറഞ്ഞത് ജനങ്ങള്‍ക്ക് ഗുണകരമാകരുത് എന്ന ക്രൂരമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവിന്റെ പേര് പറഞ്ഞ് ജനങ്ങളുടെ മേല്‍ അധിക ഭാരം ഏല്‍പ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

കേന്ദ്രത്തിന്റെ ഈ കൊള്ളയ്ക്ക് സംസ്ഥാന സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണ്. ഇപ്പോഴത്തെ ഈ വില വര്‍ദ്ധനവിലൂടെ മാത്രം ലിറ്ററിന് 2 രൂപയിലധികം അധിക വരുമാനം സംസ്ഥാന സര്‍ക്കാരിന് ലഭിക്കും. എല്‍ഡിഎഫ് ഭരിക്കുന്ന കാലത്ത് ഇന്ധന നികുതി വരുമാനം വേണ്ടെന്ന് വെക്കണമെന്ന നിലപാടായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചിരുന്നത്. ഈ മുദ്രാവാക്യം മുന്നോട്ടുവെച്ച് കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് സൈക്കിള്‍ ചവിട്ടി നിയമസഭയില്‍ വന്ന് സമരം ചെയ്യുകയായിരുന്നു സതീശന്‍. എന്നാല്‍ അദ്ദേഹം ഭരണത്തിലെത്തി വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ നാല് തവണ കേന്ദ്രം വില വര്‍ദ്ധിപ്പിച്ചിട്ടും മൗനിയായി തുടരുകയാണ് ചെയ്യുന്നത്.

ഗാര്‍ഹിക സിലിണ്ടറിന്റെ വില മാര്‍ച്ച് മാസത്തില്‍ 60 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. നിലവില്‍ സിലിണ്ടറുകളുടെ ലഭ്യതയിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. മുന്‍പ് ബിജെപി സര്‍ക്കാര്‍ പറഞ്ഞിരുന്നത് ഗാര്‍ഹിക സിലിണ്ടറിന്റെ സബ്സിഡി എടുത്തുമാറ്റി അത് നേരിട്ട് അക്കൗണ്ടില്‍ ലഭ്യമാക്കും എന്നായിരുന്നു. എന്നാല്‍ അത്തരമൊരു സ്ഥിതിവിശേഷവും ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക