Image

‘കാരവനില്‍ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ട; നിയമത്തിന് മുന്നിൽ പദവി നോക്കില്ല’: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Published on 02 June, 2026
‘കാരവനില്‍ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ട; നിയമത്തിന് മുന്നിൽ പദവി നോക്കില്ല’: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തുനിന്ന് ലഹരി ശൃംഖലയെ സമ്പൂർണ്ണമായി തുടച്ചുനീക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാരവനുകളിൽ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആർക്കും വേണ്ടെന്നും നിയമത്തിന് മുന്നിൽ പണവും പദവിയും സ്റ്റാറ്റസും നോക്കിയല്ല പോലീസ് പ്രവർത്തിക്കാൻ പോകുന്നതെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. സംസ്ഥാന പോലീസിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ 'ഓപ്പറേഷൻ തുഫാൻ' പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാർക് വെബിന്റെ മറവിലിരുന്ന് ലഹരി കച്ചവടം നടത്തുന്നവരുടെ ഡിജിറ്റൽ അടയാളങ്ങൾ പിന്തുടരാൻ സൈബർ സെല്ലിന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

​ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ഡിജെ പാർട്ടികളിലും മയക്കുമരുന്ന് ഉപയോഗം കർശനമായി നിർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇത്തരം പാർട്ടികളുടെ ഉദ്ദേശം മയക്കുമരുന്ന് വിതരണമോ ഉപയോഗമോ അല്ലെന്ന് സംഘാടകർ ഉറപ്പുവരുത്തണം, അല്ലാത്തപക്ഷം നിയമത്തിന്റെ കരങ്ങൾ അവിടേക്കും നീളും. ഇന്നത്തോടെ ലഹരിക്കച്ചവടം അവസാനിപ്പിക്കുന്നതാണ് വിൽപനക്കാർക്ക് നല്ലത്. മയക്കുമരുന്ന് മാഫിയകൾക്കുള്ള അന്തർസംസ്ഥാന ബന്ധങ്ങൾ തടയുന്നതിനായി പോലീസ് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മയക്കുമരുന്ന് കേന്ദ്രങ്ങൾ അരിച്ചുപെറുക്കി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 'ഓപ്പറേഷൻ തുഫാൻ' അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുതിയ തലമുറയ്ക്കും വേണ്ടിയുള്ള ജനങ്ങളുടെ പദ്ധതിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

​ഓപ്പറേഷൻ തുഫാൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ചടങ്ങിൽ മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, എം. ലിജു, സി.പി. ജോൺ, ശശി തരൂർ എം.പി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ലഹരിമാഫിയക്കെതിരെയുള്ള പോലീസിന്റെ ഈ സുപ്രധാന നീക്കത്തിന്റെ നോഡൽ ഓഫീസറായി ഐജി പുട്ട വിമലാദിത്യയെ ചുമതലപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം റെയ്ഡുകളും പരിശോധനകളും ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക