
കൊച്ചി: കുംഭമേളയിലൂടെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയയായ വൈറൽ താരത്തിന്റെ പ്രായപൂർത്തിയാകാതെയുള്ള വിവാഹവുമായി ബന്ധപ്പെട്ട കേസിൽ, ദമ്പതികൾ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ കേരള ഹൈക്കോടതി നാളെ വിധി പറയും. പെൺകുട്ടിയും ഭർത്താവ് മധ്യപ്രദേശ് സ്വദേശിയായ ഫർമാൻ ഖാനുമാണ് അറസ്റ്റ് ഭയന്ന് കോടതിയെ സമീപിച്ചത്. കേസിൽ ഫർമാൻ ഖാൻ മാത്രമാണ് നിലവിൽ പ്രതിയെന്നും പെൺകുട്ടിയെ പ്രതി ചേർത്തിട്ടില്ലെന്നും മധ്യപ്രദേശ് സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.
തനിക്ക് പ്രായപൂർത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നുമാണ് പെൺകുട്ടി കോടതിയിൽ വാദിക്കുന്നത്. കേരളത്തിലുള്ളതുകൊണ്ടാണ് താൻ ജീവനോടെയിരിക്കുന്നതെന്നും സ്വന്തം നാട്ടിലേക്ക് മടങ്ങിയാൽ ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭീഷണിയുണ്ടെന്നും പെൺകുട്ടി കോടതിയെ ബോധിപ്പിച്ചു. എന്നാൽ വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ വാദം. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് ദേശീയ പട്ടികവർഗ കമ്മീഷൻ നടത്തിയ അന്വേഷണ റിപ്പോർട്ടും സർക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചു.
പെൺകുട്ടി ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തൽ. തിരുവനന്തപുരം പൊലീസിന് മുന്നിൽ പെൺകുട്ടി സമർപ്പിച്ച രേഖകളിൽ 2008 ജനുവരി ഒന്ന് എന്നാണ് ജനനതീയതി എങ്കിലും, മധ്യപ്രദേശിലെ മഹേശ്വർ സർക്കാർ ആശുപത്രിയിലെ രേഖകൾ പ്രകാരം പെൺകുട്ടിയുടെ ജനനം 2009 ഡിസംബർ 30-നാണ്. ഇതനുസരിച്ച് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമാക്കുന്ന മധ്യപ്രദേശ് സർക്കാർ, ഫർമാൻ ഖാനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ്. ഇരുപക്ഷത്തിന്റെയും വാദങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് ഹൈക്കോടതി നാളെ കേസിൽ നിർണായക വിധി പ്രസ്താവിക്കുന്നത്.