
ഭരണകൂട പീഡനത്തിൽ പെട്ടവർക്കു നഷ്ടപരിഹാരം നൽകാൻ പ്രസിഡന്റ് ട്രംപ് ആവിഷ്‌കരിച്ച $1.8 ആന്റി-വെപ്പനൈസേഷൻ ഫണ്ട് അസാധുവാക്കിയ കോടതി നടപടിക്കു വഴങ്ങുമെന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റ് (ഡി ഓ ജെ) പറഞ്ഞു. കോടതി വിധിയോടു പക്ഷെ ശക്തമായി വിയോജിക്കുന്നു എന്നും അവർ വ്യക്തമാക്കി.
ട്രംപ് 2020 തിരഞ്ഞെടുപ്പ് തോറ്റ ശേഷം അനുയായികൾ ക്യാപിറ്റോളിൽ നടത്തിയ കലാപത്തിന്റെ പേരിൽ ബൈഡൻ ഭരണകൂടം കുറ്റം ചുമത്തിയവരെ സഹായിക്കാനാണ് ഫണ്ട് കൊണ്ടുവന്നത് എന്നാണ് ആരോപണം.
അതേ സമയം, ഫണ്ട് പൂർണമായി തടസപ്പെടുത്താൻ സെനറ്റിൽ ഡെമോക്രാറ്റുകൾ നടപടി തുടങ്ങി.
സർക്കാർ പീഡനത്തിന്റെ ഇരകൾ ഏതു പാർട്ടിക്കാർ ആയാലും അവർക്കു സഹായം ലഭിക്കുമെന്നു ഡി ഓ ജെ എക്‌സിൽ കയറ്റിയ പ്രസ്താവനയിൽ പറഞ്ഞു. വിർജീനിയ ഈസ്റ്റേൺ ഡിസ്‌ട്രിക്‌ട് കോടതിയുടെ വിധിയോട് ശക്തമായി വിയോജിക്കുന്നു.
ഫണ്ടിനെതിരെ കേസ് നടക്കുമ്പോൾ അതിൽ എന്തെങ്കിലും നടപടി എടുക്കുന്നതിൽ നിന്നു ജഡ്‌ജ് ലിയോണി ബ്രിൻകെമ ഡി ഓ ജെയെ തടഞ്ഞിരുന്നു. ഫണ്ടിലേക്കു പണം കൈമാറാൻ പാടില്ല. ജൂൺ 12നു കേസ് വീണ്ടും എടുക്കും.
സെനറ്റിൽ ഡെമോക്രാറ്റുകളായ എലിസ സ്ലോട്ട്കിൻ (മിഷിഗൺ), ആഡം ഷിഫ് (കലിഫോർണിയ), മാർക്ക് കെല്ലി (അരിസോണ) എന്നിവരാണ് ഫണ്ട് പൊളിക്കാൻ Drain the Slush Fund Act കൊണ്ടുവന്നത്. നികുതി കൊടുക്കുന്നവരുടെ പണം പ്രസിഡന്റിനും സഹായികൾക്കും കൈമാറ്റം ചെയ്യുന്നതിനെ ബിൽ എതിർക്കുന്നു.
ബോൾറൂം പണിയാനും മകന്റെ ക്രിപ്റ്റോ കറൻസി കച്ചവടത്തെ സഹായിക്കാനും ഏറ്റവുമധികം പണം നൽകുന്നവർക്ക് മാപ്പു കൊടുക്കാനും ഫെഡറൽ ഗവൺമെന്റിനെ ട്രംപ് ദുരുപയോഗം ചെയ്തെന്നു ജഡ്‌ജ് ചൂണ്ടിക്കാട്ടി. നിർദിഷ്ട ഫണ്ട് നികുതി ദായകന്റെ പണം മുൻപുണ്ടാവാത്ത വിധം ദുരുപയോഗം ചെയ്യുന്നതാണെന്ന് അവർ പറഞ്ഞു. "ഒരു യുഎസ് പ്രസിഡന്റ് ചെയ്തിട്ടുള്ള ഏറ്റവും അഴിമതി നിറഞ്ഞ നടപടി."
DoJ will comply with court order on Trump fund