Image

ബെയ്‌റൂട്ട് ആക്രമണത്തിൽ പ്രതിഷേധിച്ച് ഇറാൻ യുഎസുമായുള്ള ചർച്ച നിർത്തി വച്ചു (പിപിഎം)

Published on 02 June, 2026
ബെയ്‌റൂട്ട് ആക്രമണത്തിൽ പ്രതിഷേധിച്ച്   ഇറാൻ യുഎസുമായുള്ള ചർച്ച  നിർത്തി വച്ചു (പിപിഎം)

ലെബനന്റെ ഉള്ളിലേക്കു കടന്നു ചരിത്ര പ്രധാനമായ ഒരു കോട്ട പിടിച്ച ശേഷം ബെയ്‌റൂട്ട് ആക്രമിക്കാൻ  ഇസ്രയേലി സേന ഐ ഡി എഫ് നീങ്ങിയതോടെ ഇറാൻ യുഎസുമായുള്ള ആശയ വിനിമയം നിർത്തി വച്ചു. യുഎസ്-ഇറാൻ വെടിനിർത്തൽ വ്യവസ്ഥകൾ ലെബനനു കൂടി ബാധകമാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടി.

ആക്രമണം നിർത്തി വയ്ക്കാൻ ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോടു നിർദേശിച്ചെന്നു  പ്രസിഡന്റ്  ട്രംപ് വെളിപ്പെടുത്തി. ഇസ്രയേലിനെ ആക്രമിക്കില്ലെന്നു ഹിസ്‌ബൊള്ളയും ഉറപ്പു നൽകിയെന്നു ട്രംപ് അറിയിച്ചു. അക്കാര്യം യുഎസിലെ ലെബനീസ് എംബസിയും സ്ഥിരീകരിച്ചു.

എന്നാൽ കോട്ട പിടിച്ച ശേഷം ബെയ്‌റൂട്ടിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചപ്പോൾ ഇറാൻ ചർച്ചകൾ നിർത്തി വച്ചതിൽ തനിക്കൊരു പ്രശ്നവും ഇല്ലെന്നും ട്രംപ് പ്രതികരിച്ചു. "എനിക്കൊരു പ്രശ്നവുമില്ല, തീരെയില്ല," അദ്ദേഹം സി എൻ ബി സിയോടു പറഞ്ഞു. "അവർ ആവശ്യത്തിലധികം സമയം എടുത്തു, മുഷിഞ്ഞു തുടങ്ങി."

ഇറാനുമായുള്ള ചർച്ച തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതു പറഞ്ഞു നിമിഷങ്ങൾക്കു ശേഷമാണു നെതന്യാഹുവിനോടു സംസാരിച്ച കാര്യം ട്രംപ് വെളിപ്പെടുത്തിയത്. ബെയ്‌റൂട്ടിലേക്കു പുറപ്പെട്ട ഐ ഡി എഫ് മടങ്ങി പോകുമെന്ന് അദ്ദേഹം പറഞ്ഞു.

നിർണായക ഷിയാ സാന്നിധ്യമുള്ള ലെബനനിൽ അവരുടെ സായുധ സംഘമായ ഹിസ്‌ബൊള്ളയാണ് ഇസ്രയേലിന്റെ ലക്‌ഷ്യം. എന്നാൽ ഹിസ്‌ബൊള്ളയ്ക്കു കനത്ത പ്രഹരം ഏൽപിച്ച ശേഷവും ഐ ഡി എഫ് ലെബനന്റെ ഭൂമിയിലേക്ക് കൂടുതൽ കടന്നു.

ലെബനീസ് ഭരണ ഘടനയനുസരിച്ചു ക്രിസ്തു മത വിശ്വാസി പ്രസിഡന്റും സുന്നി മുസ്ലിം പ്രധാനമന്ത്രിയും ആവുമ്പോൾ ഷിയ മുസ്ലിം പാർലമെന്റ് സ്‌പീക്കർ ആവുക എന്നതാണ് പാരമ്പര്യം. രാജ്യത്തു 31% ഷിയകൾ ഉള്ളതു കൊണ്ട് ഇറാനു പ്രത്യേക ശ്രദ്ധയുണ്ട്. ഹിസ്‌ബൊള്ളയ്ക്കു പല്ലും നഖവും നൽകുന്നത് അവരാണ്.

ഹിസ്‌ബൊള്ളയ്ക്കു നിർണായക സാന്നിധ്യമുള്ള ബെയ്‌റൂട്ടിലെ ദാഹിയെ ജില്ലയിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകണമെന്നു തിങ്കളാഴ്ച്ച ഐ ഡി എഫ് ആവശ്യപ്പെട്ടിരുന്നു.

ഇസ്രയേലി സേന ലെബനനിൽ നിന്ന് പൂർണമായി പിന്മാറിയാൽ മാത്രമേ ഇനി യുസുമായി സംസാരിക്കൂ എന്ന് ഇറാൻ വ്യക്തമാക്കി.

മേഖലയിൽ കൂടുതൽ ഇടങ്ങളിൽ ആക്രമണം നടത്തുമെന്നും അവർ താക്കീതു നൽകി.

ഹോർമുസിനു പുറമെ ബാബ് അൽ-മാൻഡബ് കടലിടുക്കും ഉപരോധിക്കും. ഇസ്രയേലിനെയും സഹായികളെയും കഠിനമായി ശിക്ഷിക്കും.

എന്നാൽ ഇറാൻ പാക്കിസ്ഥാനുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോർട്ട്. പാക്ക് വിദേശകാര്യ മന്ത്രി ഇസാക്‌ ദാർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി തിങ്കളാഴ്ച്ച  സംസാരിച്ചുവെന്നു ഇറാന്റെ തസ്‌നിം ന്യൂസ് ഏജൻസി പറഞ്ഞു. ബെയ്‌റൂട്ടിനു നേരെ ഇസ്രയേൽ ഉയർത്തുന്ന ഭീഷണിയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

യുഎസ്-ഇറാൻ വെടിനിർത്തൽ ഫലപ്രദമായി തുടരുന്നുണ്ടെന്നു അറാഗ്ചി പറഞ്ഞു. എന്നാൽ ലെബനനും അതിന്റെ ഭാഗമാണ്. അവിടെ ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചു.

Iran halts talks after Israel readies assault on Beirut

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക