
ഡൽഹി: മണ്ഡല പുനർനിർണ്ണയ ബിൽ പാർലമെന്റിൽ പാസാകാതെ വന്നതോടെ, ബില്ലുകൾ കൂടുതൽ ശക്തമായി തിരിച്ചുകൊണ്ടുവരാൻ നീക്കങ്ങൾ ആരംഭിച്ച് കേന്ദ്ര സർക്കാർ. 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡല പുനർനിർണ്ണയ ബില്ലും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലും നിയമമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും പ്രതിപക്ഷ കക്ഷികളായ തൃണമൂൽ കോൺഗ്രസിനും ഡിഎംകെയ്ക്കും ഉണ്ടായ രാഷ്ട്രീയ തിരിച്ചടികൾ പാർലമെന്റിലെ പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുണ്ടാക്കുമെന്നും, ഇത് അനുകൂല സാഹചര്യമൊരുക്കുമെന്നുമാണ് ബിജെപിയുടെ വിലയിരുത്തൽ.
കഴിഞ്ഞ ഏപ്രിലിൽ ഭരണഘടന ബിൽ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലോക്സഭയിൽ ലഭിക്കാതെ പോയ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മണ്ഡല പുനർനിർണ്ണയ ബില്ലിന്റെ കരട് തയ്യാറാക്കാൻ തുടങ്ങിയെന്ന് വൃത്തങ്ങൾ അറിയിച്ചു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഭേദഗതികൾ നിലവിൽ 39 അംഗ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിലാണ്.
നിയമം ഉടൻ ഭേദഗതി ചെയ്യുമെന്ന് സമിതി അധ്യക്ഷൻ പി.പി ചൗധരി വ്യക്തമാക്കി. സംയുക്ത സമിതിയുടെ റിപ്പോർട്ട് മൺസൂൺ സമ്മേളനത്തിന്റെ അവസാന വാരത്തിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം. വിവിധ സംസ്ഥാന നിയമസഭകളുടെ കാലാവധി വ്യത്യസ്തമായതിനാൽ, നിയമം ഘട്ടങ്ങളായി നടപ്പാക്കാനാണ് സാധ്യതയെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നു.
അതേസമയം, ഡിഎംകെ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിച്ച് ബില്ലിൽ മാറ്റങ്ങൾ വരുത്താൻ ബിജെപി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ പ്രാതിനിധ്യം നഷ്ടപ്പെടില്ലെന്ന് കേന്ദ്രം ഉറപ്പ് നൽകിയാൽ, ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കാമെന്ന് മുതിർന്ന ഡിഎംകെ നേതാവ് പ്രതികരിച്ചു.
മുൻപ് മണ്ഡല പുനർനിർണ്ണയ ബിൽ പരിഗണനയ്ക്ക് വന്നപ്പോൾ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായാണ് ഇതിനെ എതിർത്തത്. ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.