
ഡൽഹി: സി.ബി.എസ്.ഇ വെബ്‌സൈറ്റിലുണ്ടായ സാങ്കേതിക തകരാറിൽ കടുത്ത നടപടികളിലേക്ക് കടക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വെബ്‌സൈറ്റ് തകരാറിലായതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തിൽ സി.ബി.എസ്.ഇയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. വെബ്‌സൈറ്റുമായി ബന്ധപ്പെട്ട ടെൻഡർ പ്രക്രിയയിലെ ക്രമക്കേടുകളും പോർട്ടലിലെ പോരായ്മകളും പ്രത്യേകമായി പരിശോധിച്ച് നടപടി സ്വീകരിക്കും. വിഷയത്തിൽ സി.ബി.എസ്.ഇ ഇതുവരെ നൽകിയ വിശദീകരണത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അതൃപ്തി രേഖപ്പെടുത്തി.
അതേസമയം, പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയത്തിനുള്ള പോർട്ടൽ ഉടൻ തന്നെ പ്രവർത്തനക്ഷമമാകുമെന്ന് സി.ബി.എസ്.ഇ അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നീറ്റ്, സി.ബി.എസ്.ഇ വിവാദങ്ങളുമായി ബന്ധപ്പെട്ട് പാർലമെന്റിന്റെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ഉന്നത ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചു. വെബ്‌സൈറ്റ് തകരാറിലും പരീക്ഷാ നടത്തിപ്പിലുമുണ്ടായ വീഴ്ചകളിൽ സി.ബി.എസ്.ഇ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട് വിവരങ്ങൾ തേടുമെന്ന് സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.