
കോഴിക്കോട്: സൗത്ത് മണ്ഡലം തല പ്രവേശനോത്സവ ഉദ്ഘാടനം കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. അഡ്വ. ഫൈസൽ ബാബു എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് സാജിദ് അലി സി.കെ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ വാർഡ് കൗൺസിലർ ടി.പി.എം ജിഷാൻ മുഖ്യാതിഥിയായി.

സ്കൂളിലെ പൂർവവിദ്യാർത്ഥിയും പി.എച്ച്.ഡി ഗവേഷകയുമായ ആയിഷ സഫീദ വിദ്യാർത്ഥികളുമായി സംവദിച്ചു. പഠനത്തോടൊപ്പം ലക്ഷ്യബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
ഓൺലൈൻ ലോകത്തെ അപകടങ്ങളെയും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കാൻ വിദ്യാർത്ഥികൾ സൈബർ സുരക്ഷ പ്രതിജ്ഞ ചൊല്ലി.

എട്ടാം ക്ലാസിലെ ആയിഷ മർവ്വ കുതിരപ്പുറത്ത് സ്കൂളിൽ എത്തിയത് സഹപാഠികൾക്കും രക്ഷിതാക്കൾക്കും കൗതുകമായി. മാനേജ്മെന്റ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം എം ഗഫൂർ, ഹെഡ്മിസ്ട്രസ് എം.കെ സൈനബ, വി.എച്ച്.എസ് പ്രിൻസിപ്പാൽ സ്വാബിർ കെ.ആർ, ഫത്തീഹ ഫാത്തിമ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എസ്.വി ശബാന നന്ദിയും പറഞ്ഞു.