
ഡൽഹി: യാത്രക്കാർക്ക് ആശങ്കയുണർത്തിക്കൊണ്ട് ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണത്തിൽ 22 ശതമാനം വരെ കുറവ് വരുത്താൻ എയർ ഇന്ത്യ തീരുമാനിച്ചു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മൂന്ന് മാസക്കാലയളവിലായിരിക്കും ഈ നിയന്ത്രണം ഏർപ്പെടുത്തുക. വിമാന ഇന്ധനമായ എവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (ATF) വില കുത്തനെ ഉയർന്നതും പ്രവർത്തനച്ചെലവ് വർധിച്ചതുമാണ് ഈ അപ്രതീക്ഷിത നീക്കത്തിന് പിന്നിലെ പ്രധാന കാരണം.
രണ്ടാഴ്ച മുൻപ് അന്തർദേശീയ സർവീസുകളിൽ 27 ശതമാനത്തിന്റെ കുറവ് വരുത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ ആഭ്യന്തര റൂട്ടുകളിലും നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതോടെ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പല റൂട്ടുകളിലും വിമാനങ്ങളുടെ ലഭ്യത കുറയും. വേനൽക്കാല യാത്രാ സീസൺ കൂടിയായതിനാൽ ഈ തീരുമാനം വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണമായേക്കുമെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ.
സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത് വഴി യാത്രാ പദ്ധതികൾ ബാധിക്കുന്നവർക്കായി എയർ ഇന്ത്യ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബാധിക്കപ്പെടുന്ന യാത്രക്കാർക്ക് മറ്റ് ബദൽ വിമാനങ്ങളിൽ സീറ്റ് അനുവദിക്കുക, യാത്രാ തീയതികൾ സൗജന്യമായി മാറ്റി നൽകുക, താല്പര്യമില്ലാത്തവർക്ക് ടിക്കറ്റ് തുക പൂർണ്ണമായി റീഫണ്ട് ചെയ്യുക എന്നിവ ഒരുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.