Image

മാഗാ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാൻ ജെ ഡി വാൻസിനു കഴിയുമോ എന്നു ട്രംപിനു സംശയം (പിപിഎം)

Published on 01 June, 2026
മാഗാ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാൻ ജെ ഡി വാൻസിനു കഴിയുമോ എന്നു ട്രംപിനു സംശയം (പിപിഎം)

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനു മാഗാ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമോ എന്ന കാര്യത്തിൽ പ്രസിഡന്റ് ട്രംപിനു ആശങ്കയുണ്ടെന്നു റിപ്പോർട്ട്. 2028ലെ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ സാധ്യതയുള്ള വാൻസിന് തന്റെ ജനപ്രീതിയുടെ അടിത്തറയായ മാഗയെ നയിക്കാൻ കഴിയുമോ എന്നു സ്വകാര്യ സംഭാഷണങ്ങളിൽ ട്രംപ് പല പ്രാവശ്യം ആശങ്ക പ്രകടിപ്പിച്ചതായി 'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ടിൽ പറയുന്നു.  

വാൻസിനു തന്നോടുള്ള കൂറിൽ മതിപ്പു പ്രകടിപ്പിച്ചിട്ടുള്ള ട്രംപ് പക്ഷെ അദ്ദേഹത്തിന്റെ നയപരമായ നിലപാടുകളെയും വ്യക്തിപരമായ ശീലങ്ങളെയും രാഷ്ട്രീയ മികവിനെയും കുറിച്ചു മതിപ്പില്ലെന്നു സൂചിപ്പിച്ചിട്ടുണ്ട്.

മുൻപോട്ട് വിജയത്തിലേക്കു കുതിക്കാൻ കഴിയുന്ന മികവ് വാൻസിനുണ്ടോ എന്നു ട്രംപ് കൂടെയുള്ളവരോടു പലപ്പോഴും ചോദിക്കാറുണ്ടത്രേ. ഉണ്ടെന്നു തനിക്കു പൂർണ ബോധ്യമില്ല എന്നു ട്രംപ് തന്നെ പറയാറുണ്ട്.

വാൻസിനെയാണോ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയെ ആണോ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാവാൻ കൂടുതൽ ഇഷ്ടമെന്നു സുഹൃത്തുക്കൾക്കിടയിൽ ട്രംപ് പരിശോധന നടത്തിയെന്നു റിപ്പോർട്ടിൽ പറയുന്നു.

ഒഹായോവിൽ നിന്നു വാൻസ്‌ സെനറ്റിലേക്കു ജയിച്ചത് തന്റെ പിന്തുണ കൊണ്ടാണെന്നു ട്രംപ് ആവർത്തിക്കാറുണ്ട്. തന്റെ കാലശേഷം മാഗയെ നയിക്കാൻ വാൻസിനു കഴിയുമോ എന്ന കാര്യത്തിൽ ട്രംപിന് ഉറപ്പില്ല.  

ഇറാൻ യുദ്ധത്തെ വാൻസ്‌ തുടക്കത്തിൽ എതിർത്തു എന്നതിൽ ട്രംപിന് അതൃപ്തിയുണ്ട്. പാക്കിസ്ഥാനിൽ ഇറാനുമായി ചർച്ചയ്ക്കു യുഎസ് സംഘത്തെ നയിക്കാൻ വാൻസിനു അവസരം നൽകിയിട്ടു പ്രയോജനമൊന്നും ഉണ്ടായില്ല.

യോഗങ്ങളിൽ മറ്റുള്ളവരുടെ സംഭാഷണം തടസപ്പെടുത്തുന്ന വാൻസിന്റെ രീതിയിൽ ട്രംപിന് അമർഷമുണ്ട്. വാൻസ്‌ കൂടെക്കൂടെ ഒഴിവുകാലം ആസ്വദിക്കാൻ പോകുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ല.

വൈറ്റ് ഹൗസിലെ ഒരു ചടങ്ങിൽ വാൻസിന്ററെ കൈയിൽ നിന്നു ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ നാഷനൽ ചാംപ്യൻഷിപ് ട്രോഫി വഴുതി പോയതിനെ കുറിച്ചു ട്രംപ് പല തവണ കളിയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്റർനെറ്റിൽ വിമർശകരോടു വാൻസ്‌ ഏറ്റുമുട്ടുന്നതിലും ട്രംപിന് അതൃപ്തിയുണ്ട്. വൈസ് പ്രസിഡന്റിന്റെ  അന്തസിനു നിരക്കാത്തതാണ് ആ രീതിയെന്നു ട്രംപ് കരുതുന്നു.

അതേ സമയം, ഇരുവരും തമ്മിൽ ഭിന്നതയുണ്ടെന്ന സൂചനകൾ വൈറ്റ് ഹൗസ് തള്ളി. ഏറ്റവുമധികം അധികാരങ്ങൾ കൈയ്യാളാൻ ട്രംപ് അദ്ദേഹത്തിന് അവസരം നൽകിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പറയുന്നു. വാൻസിന്റെ കൂറിൽ ട്രംപിനു തെല്ലും സംശയമില്ല. അദ്ദേഹത്തെ ഏറ്റവും വിശ്വസ്തനായി കരുതുകയും ചെയ്യുന്നു.

Trump doubts Vance can carry MAGA forward

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക