
തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടിയുടെ രണ്ടാനച്ഛനുമായ അഷ്കറുമായി തെളിവെടുപ്പ് പൂർത്തിയാക്കിയത് ഏറെ പ്രയാസപ്പെട്ട്. നാട്ടുകാർ ഇയാളെ ആക്രമിക്കാനായി പാഞ്ഞടുക്കുകയായിരുന്നു. സ്ത്രീകൾ അടക്കമുള്ള നാട്ടുകാരാണ് എന്ത് ക്രൂരതയാണെടാ കാണിച്ച് എന്നാക്രോശിച്ച് പാഞ്ഞടുത്തത്. പോലീസ് വേഗത്തിൽ ഇയാളെ അകത്ത് കൊണ്ടുപോകുകയും തെളിവെടുപ്പ് പൂർത്തീകരിക്കുകയും ചെയ്തു. വീട്ടിലും വീടിന് പുറത്തും അഷ്കറുമായി തെളിവെടുപ്പ് നടത്തി.
രോഷാകുലരായ നാട്ടുകാർ അഷ്കറിന്റെ കാർ തകർത്തതായും റിപ്പോർട്ടുണ്ട്. ക്രൂരപീഡനമേറ്റാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അമ്മ അഖിലയെയും രണ്ടാനച്ഛൻ അഷ്കറിനെയും പോലീസ് അറസ്റ്റ് ചെയ്തത്. അഖിലയുടെയും ആദ്യ ഭർത്താവായ അറിലിന്റെയും മകനാണ് കൊല്ലപ്പെട്ടത്. അഖിൽ രണ്ടുവർഷം മുമ്പ് മരിച്ചിരുന്നു.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് തെളിവെടുപ്പിനായി അഷ്കറിനെ തെളിവെടുപ്പിന് എത്തിച്ചത്. പ്രതി എത്തുന്നതറിഞ്ഞ് വീടിനു ചുറ്റും നാട്ടുകാര്‍ കൂട്ടംകൂടിയിരുന്നു. നാട്ടുകാർ രോഷാകുലരാണെന്ന് മനസ്സിലാക്കിയതോടെ പോലീസ് സുരക്ഷാ സന്നാഹം കൂട്ടി. എന്നിട്ടും പോലീസ് പ്രതിയെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയതിന് പിന്നാലെ നാട്ടുകാർ ഓടിയടുത്തു. സ്ത്രീകളടക്കം ഓടിക്കൂടിയവരിൽ ഉണ്ടായിരുന്നു. അഷ്കറിനെ അകത്തേക്ക് കൊണ്ടുപോയതോടെ രോഷാകുലരായ നാട്ടുകാർ മുറ്റത്ത് നിർത്തിയിട്ടിരുന്ന അയാളുടെ കാർ തകർത്തു.
കുഞ്ഞിനെ ദീർഘനാളായി അഷ്കർ ഉപദ്രവിച്ചിരുന്നു എന്ന് സംശയമുണ്ട്. അടുത്തിടെ കുഞ്ഞിന്റെ രണ്ട് കൈയിലും പ്ലാസ്റ്ററിട്ടിരുന്നു. എന്താണ് കുഞ്ഞിന് സംഭവിച്ചതെന്ന് നാട്ടുകാർ ചോദിച്ചപ്പോൾ അഷ്കർ വ്യക്തമായ മറുപടി നൽകിയില്ല.
കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സാധൂകരിക്കുന്ന പ്രാഥമിക പോസ്റ്റ്മോർട്ടം കഴിഞ്ഞ ദിവസം വന്നിരുന്നു. മർദ്ദനമേറ്റതിന് പിന്നാലെയുള്ള ആന്തരിക രക്തസ്രാവമാണ് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു. തുടർച്ചയായ മർദ്ദനം കുഞ്ഞിന് ഏറ്റിരുന്നു എന്നാണ് റിപ്പോർട്ടിലെ സൂചന. കുഞ്ഞ് ചർദ്ദിച്ചു എന്ന് പറഞ്ഞാണ് അഷ്കർ കുഞ്ഞിനെ എസ്എടി ആശുപത്രിയിൽ എത്തിച്ചത്. സംഭവം നടക്കുമ്പോൾ കുഞ്ഞിനൊപ്പം അമ്മ ഉണ്ടായിരുന്നില്ല. ഇവർ തമിഴ്നാട്ടിൽ ഒരു നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു.