Image

എബോള പരിശോധന ന്യൂ യോർക്ക് ജെ എഫ് കെ എയർപോർട്ടിലും ആരംഭിക്കുന്നു (പിപിഎം)

Published on 31 May, 2026
എബോള പരിശോധന ന്യൂ യോർക്ക് ജെ എഫ് കെ എയർപോർട്ടിലും ആരംഭിക്കുന്നു (പിപിഎം)

ആഫ്രിക്കയിൽ മരണം വിതച്ചു പടരുന്ന എബോള വൈറസിനെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി വിദേശത്തു നിന്നു വരുന്ന യാത്രക്കാരെ ന്യൂ യോർക്ക് ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിലും  പരിശോധിക്കാൻ ന്യൂ യോർക്ക് സിറ്റി അധികൃതർ തീരുമാനിച്ചതായി സി ഡി സി അറിയിച്ചു.

വാഷിംഗ്‌ടൺ ഡള്ളസ് ഇന്റർനാഷണൽ എയർപോർട്ട്, ഹാർട്സ്ഫീൽഡ്-ജാക്‌സൺ അറ്റ്ലാന്റ, ജോർജ് ബുഷ് ഇന്റർനാഷണൽ ഹ്യുസ്റ്റൺ എന്നീ വിമാനത്താവളങ്ങളിൽ പരിശോധന നേരത്തെ തുടങ്ങിയിരുന്നു.

പരിശോധിക്കേണ്ട യാത്രക്കാരെ എയർപോർട്ടിൽ അതിനുള്ള ഇടത്തേക്കു മാറ്റും. അവർ യാത്രാ വിവരങ്ങളും രോഗലക്ഷണങ്ങളും സംബന്ധിച്ച ചോദ്യാവലി പൂരിപ്പിച്ചു നൽകണം. പനിയുണ്ടോ എന്നു പരിശോധിക്കും. മറ്റു രോഗ സാധ്യതകൾ ഉണ്ടോ എന്നു സി ഡി സി സ്റ്റാഫ് വിലയിരുത്തും.

പനി, തലവേദന, പേശീ വേദന, ക്ഷീണം, വയറ്റിളക്കം, ഛർദി, വയറു വേദന, കാരണമില്ലാതെ രക്തസ്രാവം ഇവയൊക്കെയാണ് രോഗ ലക്ഷണങ്ങൾ.

ഡെമോക്രാറ്റിക്‌ റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധയ്ക്കെതിരെ ലോകം ജാഗ്രത പാലിക്കണമെന്നു ലോകാരോഗ്യ സംഘടന മേയ് 15നു നിർദേശം നൽകിയിരുന്നു. കോംഗോയുടെ ഇട്ടൂരി പ്രവിശ്യയിൽ ആദ്യം കണ്ട രോഗം അയൽരാജ്യമായ യുഗാണ്ടയിലേക്കു വ്യാപിച്ചിരുന്നു. 

മെയ് 30നു  ലോകാരോഗ്യ സംഘടന നൽകിയ കണക്കിൽ പറഞ്ഞത് 906 എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നാണ്. 223 പേർ എബോള മൂലം മരിച്ചു എന്നു സംശയിക്കുന്നു.  

എബോള ബാധിച്ച ഒരാളെ അതറിയാതെ ശസ്ത്രക്രിയ നടത്തിയ അമേരിക്കൻ ഡോക്ടറെ ആഫ്രിക്കയിൽ നിന്നു ജര്മനിയിലേക്കു അയച്ചിരുന്നു. ഒരാഴ്ചയായി കോംഗോ, സൗത്ത് സുഡാൻ, യുഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ വഴിതിരിച്ചു വിടുകയും പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. ആ രാജ്യങ്ങളിൽ കഴിഞ്ഞ 21 ദിവസങ്ങൾക്കിടയിൽ കഴിഞ്ഞ ശേഷം വരുന്നവർ ഗ്രീൻ കാർഡ് ഉള്ളവർ ആയാൽ പോലും അവർക്കു പ്രവേശനം തടയുക എന്നതാണ് യുഎസ് നയം.

യാത്രക്കാരെ പരിശോധിക്കുന്നത് പൊതുജനാരോഗ്യ നടപടികളിൽ ഒരു പ്രധാന ഘടകമാണെന്നു സി ഡി സി ചൂണ്ടിക്കാട്ടി. ഈ ഉത്തരവ് 30 ദിവസം നിലവിൽ ഉണ്ടാവുമെന്നും മേയ് 29ലെ അറിയിപ്പിൽ പറയുന്നു.

യുഎസിൽ എബോള ഭീഷണി നിലവിൽ വളരെ കുറവാണെന്നാണ് സി ഡി സിയുടെ നിഗമനം. രോഗലക്ഷണം കാണുന്നവർ ഉടൻ പൊതുജനാരോഗ്യ അധികൃതരെ ബന്ധപ്പെടുകയും യാത്ര ഒഴിവാക്കുകയും വേണം.

JFK airport to begin Ebola screening

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക