Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് അപൂര്‍വമെന്ന് കോടതി; അഞ്ച് പ്രതികള്‍ക്ക് ജാമ്യമില്ല

Published on 30 May, 2026
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് അപൂര്‍വമെന്ന് കോടതി; അഞ്ച് പ്രതികള്‍ക്ക് ജാമ്യമില്ല

തിരുവനന്തപുരം;  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ജാമ്യമില്ല. കേസില്‍ ആദ്യം അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യ ഹരജിയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) തള്ളിയത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് അപൂര്‍വമെന്ന് കോടതി വ്യക്തമാക്കി. 

ആക്രമണം മാധ്യമങ്ങളിലൂടെ ജനങ്ങള്‍ കണ്ടതാണെന്നും കോടതി പറഞ്ഞു. പൊതു മുതല്‍ നശിപ്പിച്ചില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും ആക്രമണം പ്രകോപനമില്ലാതെയാണെന്നും കോടതി നിരീക്ഷിച്ചു.

ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ദിവസം കോടതി വിശദമായ വാദം കേട്ടിരുന്നു. സംഭവം നടക്കുമ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ആയിരുന്നില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. ഇഡിയുടെ ഔദ്യോഗിക വാഹനമല്ല അതിനാല്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകരായ ശ്രീജിത്ത്, ജിതിന്‍രാജ്, മനോജ്, ജീവന്‍, ഷാഹിന്‍ എന്നിവരാണ് കേസില്‍ ആദ്യ ദിവസം അറസ്റ്റിലായത്. ഇവരുള്‍പ്പടെ 25 സിപിഎം പ്രവര്‍ത്തകര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പേര്‍ നിലവില്‍ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. സംഭവത്തില്‍ കണ്ടാലറിയുന്ന 300 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക