Image

മഴക്കാല മുന്നൊരുക്കങ്ങൾ: വിട്ടുവീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രി; എല്ലാ വകുപ്പുകളും അടിയന്തരമായി പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നിർദേശം

Published on 30 May, 2026
മഴക്കാല മുന്നൊരുക്കങ്ങൾ: വിട്ടുവീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രി; എല്ലാ വകുപ്പുകളും അടിയന്തരമായി പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നിർദേശം

മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ കർശനമായ നിർദേശങ്ങളാണ് ഉയർന്നുവന്നത്. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും ഉരുൾപൊട്ടൽ പോലുള്ള ദുരന്തസാധ്യതകളും കണക്കിലെടുത്ത് എല്ലാ വകുപ്പുകളും അടിയന്തരമായി പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും, കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കാൻ കേന്ദ്ര ഏജൻസികളുമായി ഏകോപനം ശക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡാമുകളുടെ സുരക്ഷയും നീരൊഴുക്കും കൃത്യമായി നിരീക്ഷിക്കാനും, അണക്കെട്ടുകളിലെ ജലനിരപ്പ് റൂൾ കർവിന് മുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര ജല കമ്മീഷനുമായി നിരന്തരം ബന്ധപ്പെടാനും വകുപ്പുകൾക്ക് നിർദേശം നൽകി. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ പട്ടിക വില്ലേജ് തലത്തിൽ പുതുക്കാനും, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ച് അവർക്ക് കൃത്യസമയത്ത് മുന്നറിയിപ്പുകൾ നൽകാനും സംവിധാനമൊരുക്കണം.

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓടകൾ, കനാലുകൾ എന്നിവയിലെ തടസ്സങ്ങൾ നീക്കി മാലിന്യനിർമാർജനം വേഗത്തിലാക്കുന്നതിനൊപ്പം കൊതുക് നശീകരണ പ്രവർത്തനങ്ങളും ശക്തമാക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മുൻകൂട്ടി ഉറപ്പാക്കി അവയുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ ഹൈവേ അതോറിറ്റിയുമായി ചേർന്ന് അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാനും, റോഡുകളിലെ കുഴികൾ അടയ്ക്കാനും നിർദേശമുണ്ട്.

സ്കൂളുകളുടെ സുരക്ഷ പരിശോധിച്ച് അപകടകരമായ സാഹചര്യങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാനും, ആരോഗ്യ മേഖലയിൽ മരുന്നുകളുടെയും ആന്റിവെനം ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം മഴമാപിനികളെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടർമാരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും യോഗത്തിൽ തീരുമാനമായി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ മന്ത്രി കെ. മുരളീധരൻ, റവന്യു മന്ത്രി എ.പി. അനിൽകുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക