Image

മികച്ച ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള അന്തര്‍ദേശീയ പുരസ്‌കാരം ചേര്‍ത്തല നൈപുണ്യയ്ക്ക്

Published on 30 May, 2026
മികച്ച ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള അന്തര്‍ദേശീയ പുരസ്‌കാരം ചേര്‍ത്തല നൈപുണ്യയ്ക്ക്

ചേര്‍ത്തല: ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്തെ മികവിന് ചേര്‍ത്തലയിലെ നൈപുണ്യ ഇന്‍സ്റ്റിറ്റ്യൂട്ടിന് അന്തര്‍ദേശീയ അംഗീകാരം. ദുബായ് ആസ്ഥാനമായുള്ള അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്ന ക്യാമല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് 2026-ലെ മികച്ച ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരത്തിനാണ് നൈപുണ്യ അര്‍ഹമായത്.

ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഭാവനകള്‍, വിദ്യാര്‍ഥികളെ ആഗോള നിലവാരമുള്ള പ്രൊഫഷണലുകളാക്കി വളര്‍ത്തുന്നതിലുള്ള സമര്‍പ്പണം, പരിശീലന രംഗത്തെ മികവ്, വ്യവസായ ബന്ധങ്ങള്‍ എന്നിവ വിലയിരുത്തിയാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി അറിയിച്ചു.

നൈപുണ്യയുടെ ദീര്‍ഘവീക്ഷണവും നൂതന വിദ്യാഭ്യാസ സമീപനങ്ങളും ആതിഥേയത്വ (Hospitality) മേഖലയിലേക്കുള്ള ശ്രദ്ധേയമായ സംഭാവനകളും സ്ഥാപനത്തെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയതായി കമ്മിറ്റി വിലയിരുത്തി.

പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മേയ് 31-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് എറണാകുളം കുമ്പളത്തെ ലേക്ക് വ്യൂ റിസോര്‍ട്ടില്‍ നടക്കും.

അന്തര്‍ദേശീയ തലത്തില്‍ ഇതിനുമുമ്പും നൈപുണ്യ ശ്രദ്ധ നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മില്ലറ്റ് പുട്ട്, ഓംലെറ്റ്, സദ്യ, മോജിറ്റോ എന്നിവ തയ്യാറാക്കി സ്ഥാപനം നിരവധി ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. അക്കാദമിക മികവും പ്രായോഗിക പരിശീലനവും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന നൈപുണ്യ, ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായി വളര്‍ന്നിരിക്കുകയാണ്.

ഈ പുതിയ അന്തര്‍ദേശീയ അംഗീകാരം സ്ഥാപനത്തിന്റെ വിദ്യാഭ്യാസ നിലവാരത്തിനും വിദ്യാര്‍ഥി കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മറ്റൊരു അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക