Image

കെന്നഡി സെന്ററിൽ നിന്നു ട്രംപിന്റെ പേരു നീക്കം ചെയ്യാൻ കോടതി ഉത്തരവ്; വഴങ്ങി ട്രംപ് (പിപിഎം)

Published on 30 May, 2026
കെന്നഡി സെന്ററിൽ നിന്നു ട്രംപിന്റെ പേരു നീക്കം ചെയ്യാൻ കോടതി ഉത്തരവ്; വഴങ്ങി ട്രംപ് (പിപിഎം)

ജോൺ കെന്നഡി സെന്ററിൽ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ പേരു കൂടി ചേർത്തത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി, അത് രണ്ടാഴ്ച്ചയ്ക്കകം നീക്കം ചെയ്യണമെന്നു വാഷിംഗ്‌ടൺ ഫെഡറൽ ഡിസ്‌ട്രിക്‌ട് കോർട്ട് ജഡ്‌ജ്‌ ക്രിസ്‌റ്റഫർ കൂപ്പർ വിധിച്ചു.

കോടതി വിധി മാനിച്ചു തന്റെ പേര് പിൻവലിക്കുമെന്നു ട്രംപ് പ്രതികരിച്ചു. എന്നാൽ ജഡ്ജിനെതിരെ കടുത്ത വിമർശനം അഴിച്ചു വിട്ട ട്രംപ് മറ്റൊരു വാദം കൂടി ഉന്നയിച്ചു: “നശിച്ചു പോയ കെട്ടിടം നന്നാക്കിയെടുക്കാൻ എനിക്കു മാത്രമേ കഴിയൂ.”  

കെന്നഡി സെന്റർ വധിക്കപ്പെട്ട 35ആം പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ മാത്രം സ്മാരകമാണെന്നു യുഎസ് കോൺഗ്രസ് നിശ്ചയിച്ചിട്ടുണ്ടെന്നു 580 വാക്കുകളുള്ള വിധിന്യായത്തിൽ കൂപ്പർ എഴുതി. അതിൽ ട്രംപിന്റെ പേര് കൂട്ടിച്ചേർത്ത ബോർഡ് ഓഫ് ട്രസ്റ്റീസ് അധികാര പരിധി കടന്നു ഏകപക്ഷീയമായി പ്രവർത്തിച്ചു.

ഡിസംബറിലാണ് സെന്ററിനു ' ഡൊണാൾഡ് ജെ. ട്രംപ് ആൻഡ് ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്സ്' എന്നു പേരു മാറ്റാൻ ബോർഡ് തീരുമാനിച്ചത്.

നിയമാനുസൃതമല്ല

പ്രസിഡന്റ് കെന്നഡിയുടെ സ്മാരകത്തിൽ മറ്റൊരു പേരും ചേർക്കാൻ പാടില്ലെന്നു കെന്നഡി സെന്ററിന്റെ ഭരണഘടന വ്യക്തമായി അനുശാസിക്കുന്നുണ്ടെന്നു ജഡ്‌ജ്‌ വ്യക്തമാക്കി. ബോർഡ് ഏകപക്ഷീയമായി തീരുമാനിച്ചു എന്നതു കൊണ്ട് അതിൽ മറ്റൊരാളുടെ പേര് കൂടി ചേർക്കുന്നത് നിയമാനുസൃതമല്ല. "കോൺഗ്രസാണ് കെന്നഡി സെന്റർ എന്ന പേര് അദ്ദേഹത്തിന്റെ സ്മാരകത്തിനു നൽകിയത്. കോൺഗ്രസിനു മാത്രമേ അതു മാറ്റാൻ അധികാരമുള്ളൂ."  

രണ്ടു വർഷത്തേക്കു കെന്നഡി സെന്റർ അടച്ചിടാനുള്ള ട്രംപിന്റെ തീരുമാനവും ജഡ്‌ജ്‌ തടഞ്ഞു. അടച്ചിടാനുള്ള ബോർഡിൻറെ തീരുമാനം അപര്യാപ്‌തമാവും ഏകപക്ഷീയവുമാണ്. "നിയമ വ്യവസ്ഥകൾ പൂർണമായി പരിഗണിച്ചിട്ടില്ല."

അതേ സമയം, സെന്ററിന്റെ പുനരുദ്ധാരണ പരിപാടികൾ മുന്നോട്ടു കൊണ്ടുപോകുന്നതിൽ യാതൊരു തടസവും ഇല്ലെന്നു കോടതി വ്യക്തമാക്കി.

രണ്ടാം തവണ അധികാരത്തിൽ വന്ന ശേഷം ട്രംപ് കെന്നഡി സെന്ററിന്റെ പ്രവർത്തനങ്ങളിൽ താല്പര്യം കാട്ടുകയും ബോർഡ് അഴിച്ചു പണിത് ആജ്ഞാനുവർത്തികളെ തിരുകി കയറ്റുകയും ചെയ്തു. സ്വയം ചെയർമാനായി അവരോധിക്കയും ചെയ്തു.

US judge orders Trump's name removed from Kennedy Center

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക