
തിരികെ ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ കമലയുടെ ചോദ്യമായിരുന്നു രാജീവൻറെ മനസ്സിൽ.
‘വനജയ്ക്കു എന്തെങ്കിലും ഡിസ്സാറ്റിസ്‌ഫാക്ഷൻ...?’ വീട്ടമ്മയായി ഒതുങ്ങിക്കൂടിയതു മനസ്സോടെയല്ലേ?
‘ഐ തോട് ഇറ്റ് വാസ് വാട്ട് ഷി വാണ്ടഡ്...’ രാജീവൻ തന്നോട് തന്നെ പറഞ്ഞു.
അക്കൗണ്ടിങ്ങിലും മാനേജ്മെന്റിലും ഉയർന്ന ഡിഗ്രികൾ ഉള്ളവളാണ് വനജ. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തൻറെ ഒപ്പം ഓഫിസിൽ വരികയും പതിവായിരുന്നു. അക്കൗണ്ടിംഗ് സെക്ഷനിൽ പല പരിഷ്കാരങ്ങളും നടപ്പാക്കിയതും വനജയാണ്… കാര്യക്ഷമത വർധിപ്പിക്കാനും കമ്പനിയുടെ സുഗമമായ നടത്തിപ്പിനും ചേർന്ന പരിഷ്‌കാരങ്ങൾ. സ്റ്റാഫ് ഒന്നടങ്കം അവളുടെ കഴിവുകൾ അംഗീകരിക്കുകയും ചെയ്തിരുന്നു
പിന്നെ, പ്രസവം, കുട്ടികൾ... മെല്ലെ മെല്ലെ വനജ വീട്ടിലേക്കു ഒതുങ്ങി.
ഒരർഥത്തിൽ അപ്പോഴേക്ക് താനും അങ്ങനെ ഒരു പിന്മാറ്റം ആഗ്രഹിച്ചു തുടങ്ങിയിരുന്നു. പലപ്പോഴും സ്റ്റാഫ് മീറ്റിംഗുകളിൽ വനജയുടെ അഭിപ്രായങ്ങൾക്കു സ്വീകാര്യത ഏറുന്നത് അലോസരമായി തുടങ്ങിയിരുന്നു. അതേച്ചൊല്ലി ഒന്ന് രണ്ടു പ്രാവശ്യമെങ്കിലും അവളോട് മുഷിയുകയും ചെയ്തിട്ടുണ്ട്.
'ഈ സജഷൻ നിനക്ക് എന്നോട് നേരത്തെ പറയാമായിരുന്നില്ലേ? വൈ ഷുഡ് ഐ ഹിയർ ഇറ്റ് ഇൻ ഫ്രണ്ട് ഒഫ് അദർ പീപ്പിൾ ?'
'ഹേയ്... അത് ഞാൻ അപ്പോൾ ഓർത്തതാ...' വനജ ചിരിച്ചു തള്ളും...
അത് അങ്ങനെ വിശ്വസിച്ച്, നിസാരമായിതള്ളാൻ രാജീവന് കഴിയുമായിരുന്നില്ല.
'എൻറെ പ്ലാൻ നന്നായതിനാണോ രാജീവന് മുഷിച്ചിൽ?’ അത് കൊണ്ട് ലാഭം എത്രയാ എന്ന് ഓർത്തു നോക്കിക്കേ.... ഇത് വെറും അസൂയയാ.... മെയിൽ ഷോവനിസം...' അവൾ പലപ്പോഴും പറഞ്ഞു.
'പിന്നേ! എനിക്ക് നിന്നോട് അസൂയ?' എന്ന് അപ്പോഴൊക്കെയും തിരിച്ചു ചോദിച്ചെങ്കിലും അവൾ പറഞ്ഞതിൽ കുറെയൊക്കെ സത്യമുണ്ടായിരുന്നെന്നു രാജീവന് അറിയാമായിരുന്നു. ഭാര്യയുടെ സാമർഥ്യം അംഗീകരിക്കപ്പെട്ടാൽ താൻ കുറഞ്ഞുപോകുമോ എന്ന ഈഗോ...
വ നജയ്ക്കു കുടുംബ സ്വത്തായി ലഭിച്ചത് മുഴുവൻ തന്നെ ബിസിനസിൽ മുടക്കുകയായിരുന്നു. പിന്നെയും, പല ആവശ്യങ്ങളിലും തുണയ്‌ക്കെത്തിയത് വനജയുടെ കുടുംബവും, അവരുടെ സ്വാധീനവും....
വനജയുടെ പിന്തുണ കുറച്ചൊന്നുമല്ല ബിസിനസിൽ രാജീവനെ സഹായി ച്ചിട്ടുള്ളത്....
കമലയുടെ ചോദ്യത്തിന് ഉത്തരം എന്താണ്? തൻറെ നിലപാടാണോ ഓഫീസിൽ നിന്നും വിട്ടു നില്ക്കാൻ അവളെ പ്രേരിപ്പിച്ചതെന്ന് ചോദിച്ചാൽ... വ്യക്തമായ ഒരു ഉത്തരം തനിക്കില്ല. അവളോട് ചോദിച്ചിട്ടുമില്ല. ചോദിച്ചാൽ, അവളുടെ മറുപടി തന്നെ പ്രതിക്കൂട്ടിലാക്കുമെന്ന് ഒരു തോന്നൽ...
ഛെ!
വീടും കുടുംബവും… അതിൻറെ ചുമതലകളിൽ അവൾ സന്തോഷവതി ആയിരിക്കും എന്ന് കരുതി. മറ്റൊന്നും അതേക്കുറിച്ചു ചിന്തിച്ചില്ല.
ചിരിക്കുമ്പോൾ ഇങ്ങനെ ഒരു സങ്കടം അവൾ ഉള്ളിൽ ഒതുക്കിയിരുന്നോ? അതിൻറെ വീർപ്പുമുട്ടലാണോ ഇന്നത്തെ ഈ അവസ്‌ഥയ്‌ക്ക് കാരണം? രാജീവന് പ്രയാസം തോന്നി.
ഈയിടെയായി വളരെ വൈകിയാണ് വീട്ടിൽ എത്താറുള്ളത് . ഇനി അത് പാടില്ല. നേരത്തെ ചെല്ലണം.
ക്ലബിൽ പോകുമ്പോൾ വനജയെയും കൂടെകൂട്ടണം. കുട്ടികളുടെ ഹോം വർക് നോക്കണം എന്ന് പറഞ്ഞു അവൾ തന്നെയാണ് വൈകുന്നേരത്തെ ബാഡ്മിന്റൺ കളി വേണ്ടെന്നു വെച്ചത്. അത് വേണ്ട. ഒരു ട്യൂഷൻ ടീച്ചറെ ഏർപ്പാടാക്കാം. അപ്പോൾ അവൾക്കും തൻറെ കൂടെ ക്ലബിൽ വരാമല്ലോ .
ചിന്തകളിൽ മുഴുകി ഓഫീസിൽ എത്തിയത് അയാൾ അറിഞ്ഞതേയില്ല.
കമ്പനിയുടെ പാർക്കിംഗ് ലോട്ടിലേക്കു കയറുമ്പോൾ സോമൻറെ കാർ പുറത്തേക്കു പോകുന്നത് അയാൾ കണ്ടു. ഇന്നത്തെ 'ഡ്യൂട്ടി' തീർത്തുള്ള പോക്കാണെന്നുo ഇന്നിനി തിരിച്ചു വരില്ല എന്നും മനസിലാക്കാൻ രാജീവനു ഒട്ടും പ്രയാസം ഉണ്ടായില്ല. ഉള്ളിൽ നുരഞ്ഞു പൊങ്ങിയ അമർഷം അയാൾ പണിപ്പെട്ടു അടക്കി.
ഓഫീസിൻറെ അച്ചടക്കം ഒട്ടും പാലിക്കാതെ, തോന്നുമ്പോൾ വരിക, തോന്നുമ്പോൾ പോകുക എന്നുള്ള സോമൻറെ ധാർഷ്ട്യത്തിനെതിരേ കർശനമായ നടപടിയെടുക്കാൻ രാജുവിനോട് പറയണം, അയാൾ മനസ്സിൽ കുറിച്ചു. 'അളിയൻ' ആണെന്ന ഒരു പരിഗണയും നൽകേണ്ടതില്ലെന്നും, മറ്റു ഏതൊരു ഉദ്യോഗസ്‌ഥനെയും പോലെ കണ്ടാൽ മതിയെന്നും അവനെ നിയമിക്കുമ്പോൾ തന്നെ രാജുവിനോടു പറഞ്ഞതാണ്. എന്നാലും രാജു പലപ്പോഴും പലതും കണ്ടില്ല എന്ന് നടിക്കാറേയുള്ളൂ. താൻ രാജുവിൻറെ തീരുമാനങ്ങളെ എതിർക്കാറുമില്ല.
'ഹി ഇസ് ഗോയിങ് റ്റു ബി ട്രബ്ൾ ' സോമനെ കമ്പനിയിൽ നിയമിച്ചപ്പോൾ തന്നെ വനജ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ, മമ്മ അത്രയും നിർബന്ധിച്ചപ്പോൾ, മനസില്ലാമനസോടെ ആണെങ്കിലും അവനു ഒരു ജോലി കൊടുക്കേണ്ടി വന്നു.
കാർ പാർക്ക് ചെയ്തിട്ട് അയാൾ അകത്തേക്ക് നടന്നു.
അയാൾ ചെല്ലുമ്പോൾ രാജുവിൻറെ ക്യാബിൻ അടെഞ്ഞു കിടക്കുകയായിരുന്നു എന്ന് അയാൾ കണ്ടു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓഫീസ് കാര്യങ്ങളിൽ വേണ്ട ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല. എത്ര ലാഭത്തിലോടുന്ന ബിസിനസും അല്പം അശ്രദ്ധ മതി നഷ്ടത്തിലാകാൻ എന്ന് രാജീവന് നന്നായി അറിയാം. ഒരു ബിസിനസുകാരനെ സംബന്ധിച്ചിടത്തോളം അശ്രദ്ധയും അലസതയും മാപ്പില്ലാത്ത കുറ്റങ്ങളാണ്; എത്ര കാലത്തെ അധ്വാനവും നിമിഷം കൊണ്ട് നിലംപറ്റിക്കാൻ കഴിയുന്നവ, പപ്പാ പറയാറുള്ളത് രാജീവൻ ഓർത്തു.
കുറെയേറെ നാളുകൾക്കു മുൻപ് എവിടെയോ എന്തോ തിരിമറികൾ നടക്കുന്നില്ലേ എന്ന സംശയം തോന്നിയപ്പോളാണ് ഇന്റേർനൽ ഓഡിറ്റിന് പുതിയ ആളെ നിയമിച്ചത്. ഏതായാലും അന്ന് അങ്ങനെ തോന്നിയത് നന്നായി. സംശയങ്ങൾ ശരിവെക്കുന്നതായിരുന്നു അയാളുടെ റിപ്പോർട്ടുകൾ. പർച്ചേയ്‌സിൽ നടന്നുവന്നിരുന്ന കള്ളക്കളികൾ കണ്ടുപിടിക്കാനായി. ഒരാളെ പിരിച്ചയക്കേണ്ടിയും വന്നു.
അടുത്ത് നടക്കാനുള്ള ഷെയർ ഹോൾഡേഴ്സ് മീറ്റിംഗിന് മുൻപ് കണക്കുകൾ ഒന്നുകൂടി വിശദമായി പഠിക്കണം. പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നു ഒന്ന് കൂടി ഉറപ്പു വരുത്തണം. മീറ്റിംഗിൻറെ അജണ്ട ഒന്നുകൂടി നോക്കണം.
അയാൾ കമ്പ്യൂട്ടർ ഓണാക്കി, ലോഗ് ഇൻ ചെയ്തു. കൈയ്യെത്തി ടെലെഫോണെടുത്തു സെക്രട്ടറിയെ വിളിച്ചു ഫയലുകളുമായി വരാൻ പറഞ്ഞു. മെല്ലെ അയാൾ കണക്കുകളുടേയും കൂട്ടികിഴിക്കലുകളുടേയും കടലിലേക്ക് മുങ്ങി. ആ കണക്കുകളുടെ ആഴങ്ങളിൽ , നാഴികമണിയുടെ കറക്കം അയാളുടെ ഓർമയിൽ നിന്നും മറഞ്ഞു.
Read More: https://www.emalayalee.com/writer/69