
തിരുവനന്തപുരം: ഒരു കാര്യത്തിൽ എപ്പോഴാണ് മറുപടി പറയേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്ക് നൽകണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ . ചോദ്യം ചോദിക്കാനുള്ള അവകാശം പോലെ തന്നെ ഉത്തരം പറയാനുള്ള അവകാശം നൽകണം. കാര്യങ്ങൾ പഠിച്ച് മാത്രമേ മറുപടി പറയാൻ കഴിയൂ. അത് എപ്പോൾ വേണമെന്ന് താൻ തീരുമാനിക്കും. ഒളിച്ചോടുന്ന ആളല്ല താനെന്നും വിഡി സതീശൻ പറഞ്ഞു.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിലടക്കം കഴിഞ്ഞ ദിവസം നടന്ന ഇഡി റെയ്ഡിൽ പ്രതികരണം നടത്തുന്നില്ലെന്ന വിമർശനത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി റെയ്ഡ് നടന്നത്. ഇതിൽ സംസ്ഥാന സർക്കാരിന് ഇരു ഉത്തരവാദിത്തവും ഇല്ല. ഹൈക്കോടതി നിർദേശപ്രകാരം നടക്കുന്ന പരിശോധനയെ വിമർശിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ല. നാല് കൊല്ലം മുൻപുണ്ടായ കേസാണ്. ഇഡി ആ സമയത്ത് ഒന്നും ചെയ്തില്ല. അതിൽ പരാതിപ്പെട്ടവരാണ് യുഡിഎഫ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിയാണോ ഇഡി റെയ്ഡിന് ആളെ അയച്ചതെന്ന് വിഡി സതീശൻ ചോദിച്ചു. സ്വന്തം വസതിയിലെ റെയ്ഡിന് ശേഷം രാഹുൽ ഗാന്ധിയെ മാത്രമാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. തനിക്കെതിരെ ഇഡി കേസ് വന്നപ്പോൾ രാഹുൽഗാന്ധി കോൺഗ്രസുകാരെ വിട്ട് ഇഡിയുടെ വാഹനം തല്ലിതകർത്തോ. രാഹുൽഗാന്ധി രാഷ്ട്രീയമായാണ് കേസിനെ നേരിട്ടത്. 56 മണിക്കൂർ അദ്ദേഹം ചോദ്യം ചെയ്യലിന് വിധേയനായെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.