
ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ ഹൗസ് ഖാസിലെ വസതിയിൽ ബുധനാഴ്‌ച രാത്രിയുണ്ടായ തീപിടിത്തത്തിൽ മുൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ചെയർമാനും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ ധനേന്ദ്ര കുമാറിന് (80) ദാരുണാന്ത്യം. രാത്രി 11.18 ഓടെയാണ് സംഭവം.
വസതിയിൽ തീപിടിത്തമുണ്ടായപ്പോൾ കുടുംബാംഗങ്ങളും വീട്ടുജോലിക്കാരും ഉൾപ്പെടെ അഞ്ച് പേർ വീടിനുള്ളിൽ ഉണ്ടായിരുന്നു. സംഭവത്തിൽ ധനേന്ദ്രയുടെ മകൻ ഗൗരവ് പരിക്കേറ്റ് ചികിത്സയിലാണ്. എയർ കണ്ടീഷണറിലെ ഇൻഡോർ യൂണിറ്റിൽ നിന്നാണ് തീ പടർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
ഹൗസ് ഖാസിലെ ഒരു വീട്ടിൽ തീപിടിത്തമുണ്ടായതായി പൊലീസ് കൺട്രോൾ റൂമിൽ (പിസിആർ) നിന്ന് രാത്രി വൈകിയാണ് കോൾ ലഭിച്ചത്. തുടർന്ന് പൊലീസും ഡൽഹി ഫയർ സർവീസസ് സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.തീ പെട്ടെന്ന് തന്നെ ആളിപടരുകയും വീടിനുള്ളിൽ പുക നിറയുകയും ചെയ്‌തു. വാട്ടർ ബൗസർ ഉൾപ്പെടെ രണ്ട് ഫയർ എഞ്ചിനുകൾ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.