
മോദി- വിഡി ഡീലാണ് ഇ ഡി റെയ്‌ഡെന്ന സിപിഎം ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. 'ഞാൻ ആദ്യമായാണ് മോദിയെ നേരിൽ കാണുന്നത് , കണ്ട ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു. അതുകേട്ട പാടെ മോദി ഫോണെടുത്ത് കുത്തി റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ഒരിടത്ത് പോര, 12 ഇടങ്ങളില്‍ റെയ്ഡ് നടത്തണമെന്ന്. സതീശൻ ആദ്യമായി ആവശ്യപ്പെടുന്ന കാര്യമല്ലേ എന്ന് പറഞ്ഞ മോദി റെയ്ഡിന് നിർദേശിക്കുകയായിരുന്നു' - സതീശന്‍ തമാശരൂപേണെ പറഞ്ഞു. മുന്‍മന്ത്രിമാരായവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞതുകേട്ടപ്പോള്‍ ചിരിക്കണോ കരയണമോയെന്നറിയാത്ത അവസ്ഥയിലായി താനെന്നും എന്നാല്‍ ഒരിക്കലും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തരമൊരു അഭിപ്രായം പറയില്ലെന്നും സതീശന്‍ പറഞ്ഞു.
അന്വേഷണത്തിന് എത്തിയ സംഘത്തെ ക്രിമിനലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരുകൂട്ടം ആളുകള്‍ തടഞ്ഞുവയ്ക്കുന്നത് ശരിയാണോയെന്നും സതീശന്‍ ചോദിച്ചു. അത് അംഗീകരിക്കില്ല. വീണാ വിജയനെതിരെ തങ്ങള്‍ ഉന്നയിച്ച ആരോപണമാണ് എക്‌സാലോജിക് കേസ്. നാലുകൊല്ലം മുന്‍പുണ്ടായ കേസില്‍ സര്‍ക്കാര്‍ ഇറങ്ങുന്നതുവരെ കേന്ദ്ര ഏജന്‍സി ഒന്നും ചെയ്തിട്ടില്ല. അധികാരത്തില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സി തുടര്‍നടപടികള്‍ സ്വീകരിച്ചത്. റെയ്ഡിന് പിന്നാലെ പുറത്ത് ഇറങ്ങിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയാണ് കുറ്റപ്പെടുത്തിയത്. മോദിയെയോ അമിത് ഷായെയോ കുറിച്ച് ഒന്നും പറഞ്ഞില്ല. രാഹുല്‍ ഗാന്ധിയാണോ റെയ്ഡിനെ ആളെ വിട്ടതെന്നും സതീശന്‍ ചോദിച്ചു